പരസ്പരസമ്മതത്തോടെ ബന്ധപ്പെട്ടു ഗര്‍ഭിണിയായി: ഗര്‍ഭച്ഛിദ്രത്തിന് അനുവാദം തേടി പതിനാലുകാരി ഹൈക്കോടതിയില്‍

ഗര്‍ഭച്ഛിദ്രത്തിന് അനുവാദം വേണമെന്ന ആവശ്യവുമായി പതിനാലുകാരി കോടതിയില്‍. പൊലീസില്‍ അറിയിക്കാതെ അഭിഭാഷകന്‍ മുഖേനയാണ് പെണ്‍കുട്ടിയുടെ അമ്മ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

ജസ്റ്റിസ് പ്രതിഭ എം സിങ്ങിന്റെ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അവിവാഹിതയാണ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലൂടെയാണ് ഗര്‍ഭിണിയായതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

16 ആഴ്ചത്തെ ഗര്‍ഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാന്‍ അനുവദിക്കണം എന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം. കുട്ടിയെ വളര്‍ത്താന്‍ മാനസികമായും ശാരീരികമായും തയ്യാറാകാത്തതിനാല്‍ ഗര്‍ഭം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് പെണ്‍കുട്ടി ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഗര്‍ഭാവസ്ഥ തുടരുന്നത് ശാരീരികവും മാനസികവുമായി തളര്‍ത്തും. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേകിച്ച്‌ എയിംസില്‍ ഗര്‍ഭം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരി ആവശ്യപ്പെടുന്നു.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലെ ഗര്‍ഭധാരണം അവസാനിപ്പിക്കാന്‍ മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങള്‍, രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ എന്നിവര്‍ക്ക് സര്‍ക്കുലര്‍/വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *