അഫ്ഗാന്‍; ഒന്ന് മുതല്‍ ആറാം ക്ലാസുവരെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് താലിബാന്‍റെ അനുമതി

പെണ്‍കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് താലിബാന്‍റെ അനുമതി. ഒന്ന് മുതല്‍ ആറ് വരെയുള്ള ക്ലാസുകളിലേക്കാണ് താലിബാന്‍റെ വിദ്യാഭ്യാസ മന്ത്രാലയം പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആറാം ക്ലാസിൽ താഴെയുള്ള പെൺകുട്ടികൾക്കായി സ്‌കൂളുകളും വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം കത്ത് നൽകി.

ഇസ്ലാമിക വസ്ത്രധാരണം പാലിച്ച് പെണ്‍കുട്ടികള്‍ക്ക് സർക്കാർ, സ്വകാര്യ സ്‌കൂളുകളിൽ വിദ്യാഭ്യാസം തുടരാമെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം കത്തിൽ വ്യക്തമാക്കിയതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  സര്‍വ്വകലാശാല വിദ്യാഭ്യാസമടക്കം എല്ലാ ക്ലാസുകളിലേക്കുമുള്ള വിദ്യാര്‍ത്ഥിനികള്‍ക്കും വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ച് താലിബാന്‍ ഉത്തരവിറങ്ങി ആഴ്ചകള്‍ കഴിഞ്ഞപ്പോഴാണ് പുതിയ ഉത്തരവ് ഇറങ്ങിയതെന്നതും ശ്രദ്ധേയം. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് കൊണ്ട് ഉത്തരവിറങ്ങിയതിന് പിന്നാലെ ഇസ്ലാമിക ഭൂരിപക്ഷ രാഷ്ട്രങ്ങള്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. 

2021 ഓഗസ്റ്റില്‍ അഫ്ഗാന്‍റെ ഭരണം രണ്ടാമതും കൈയടക്കിയപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് അനുമതി നല്‍കുമെന്നായിരുന്നു താലിബാന്‍ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് താലിബാന്‍ ഇതില്‍ നിന്നും പിന്മാറി. ചെറിയ ക്ലാസുകള്‍ മുതല്‍ സര്‍വ്വകലാശാലകളില്‍ വരെയുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച് താലിബാന്‍ ഉത്തരവിറക്കി. ഇത് രാജ്യത്തിനകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു. ഇസ്ലാമിക നിയമം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം അനുവദിക്കുന്നില്ലെന്നായിരുന്നു ഇത് സംബന്ധിച്ച് താലിബാന്‍ അവകാശപ്പെട്ടത്. 

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് മാത്രമല്ല, ജോലി സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് താലിബാന്‍ വിലക്കേര്‍പ്പെടുത്തി. പൊതു സ്ഥലങ്ങളില്‍ ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രം ധരിച്ച് മാത്രമേ സ്ത്രീകള്‍ക്ക് ഇറങ്ങാന്‍ പറ്റുകയുള്ളൂ. അതോടൊപ്പം ബന്ധുവായ ഒരു പുരുഷന്‍ ഒപ്പമുണ്ടാകണമെന്നും താലിബാന്‍ നിഷ്ക്കര്‍ഷിച്ചു. സ്ത്രീകളുടെ സ്വാതന്ത്രത്തിനെതിരെയുള്ള താലിബാന്‍റെ നിയന്ത്രണങ്ങള്‍ അന്താരാഷ്ട്രാതലത്തില്‍ തന്നെ വലിയ പ്രതിഷേധങ്ങളാണ് വിളിച്ച് വരുത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *