ഷവർമ ഉണ്ടാക്കാൻ സൂക്ഷിച്ച 400 കിലോ പഴകിയ ഇറച്ചി കൊച്ചിയിൽ പിടികൂടി

കളമശ്ശേരിയിൽ നിന്ന് 400 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കി വിതരണം ചെയ്യാൻ സൂക്ഷിച്ച ഇറച്ചിയാണ് പിടികൂടിയത്. കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്യത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടിൽ നിന്നാണ് അഴുകിയ കോഴിയിറച്ചി കൊണ്ടുവരുന്നത് എന്നാണ് വിവരം. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.

പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്.  പാലക്കാട് സ്വദേശി ജുനൈസിൻ്റേതാണ് സ്ഥാപനം. സ്ഥാപനത്തിൽ അഞ്ച് ജീവനക്കാരുണ്ടായിരുന്നുവെങ്കിലും നടത്തിപ്പുകാർ ആരും പരിശോധന നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. പിടിച്ചെടുത്ത ഇറച്ചി നശിപ്പിക്കുമെന്നും സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർക്ക് കനത്ത പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ആറ് മാസമായി ഈ സ്ഥാപനത്തിൽ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്യുന്നുണ്ട്. ഇന്ന് രാവിലെയും ഇവിടെ നിന്നും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലേക്ക് ഇറച്ചി കൊണ്ടു പോയിരുന്നുവെന്ന് ജീവനക്കാർ ഉദ്യോഗസ്ഥരോട് പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *