ന്യൂസിലന്‍ഡിന് എതിരായ ഏകദിന, ട്വന്റി 20 പരമ്പരകള്‍ക്കുള്ള ടീമുകളെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണിന്റെ പേരുണ്ടായിരുന്നില്ല. ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ് പിന്നാലെ ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കില്ല എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതാണെങ്കിലും താരത്തിന്റെ പരിക്ക് സംബന്ധിച്ച് അപ്ഡേഷനുകള്‍ ബിസിസിഐ നല്‍കാത്തത് ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്.
കെ എല്‍ രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണവും രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തുന്നത് താരത്തിന്റെ ഫിറ്റ്നസ് കൂടി പരിഗണിച്ചായിരിക്കും എന്നും ബിസിസിഐ വ്യക്തമാക്കിയപ്പോഴാണ് സഞ്ജുവിന്റെ പരിക്കിനെ കുറിച്ച് ബിസിസിഐയുടെ മൗനം. പരിക്ക് മാത്രമല്ല സഞ്ജു ടീമില്‍ നിന്ന് പുറത്താകാനുള്ള കാരണം എന്ന് ആരാധകര്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടാണ് സഞ്ജുവിനെ വീണ്ടും വീണ്ടും തഴയുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. സഞ്ജു എന്ത് കുറ്റമാണ് ചെയ്തത്. സെലക്ടര്‍മാര്‍ ഉത്തരം പറയേണ്ടതുണ്ട് എന്നും ആരാധകര്‍ പറയുന്നു. ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് പിന്നാലെ ഏറെ ട്വീറ്റുകളാണ് സഞ്ജുവിന് പിന്തുണയുമായി പ്രത്യക്ഷപ്പെട്ടത്. ബിസിസിഐ എന്തുകൊണ്ട് സഞ്ജു സാംസണിന്റെ ഫിറ്റ്നസിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നു എന്നാണ് ആരാധകരുടെ ചോദ്യം.