യുഎഇയിലെ സ്വകാര്യ സ്കൂളുകൾ വർഷാവസാനത്തോടെ 4% സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ വിദഗ്ധ തസ്തികകളിൽ വർഷത്തിൽ 2% സ്വദേശികളെ നിയമിക്കണമെന്ന വ്യവസ്ഥ രാജ്യത്തെ എല്ലാ സ്വകാര്യ സ്കൂളുകൾക്കും ബാധകമാണെന്ന് അധികൃതർ വിശദീകരിച്ചു. എന്നാൽ ഫ്രീസോണിലെ സ്ഥാപനങ്ങൾക്ക് നിയമത്തിൽ ഇളവുണ്ട്.
വൻതുക ശമ്പളം നൽകി സ്വദേശി അധ്യാപകരെ നിയമിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് വിവിധ സ്വകാര്യ സ്കൂൾ അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാനാവൂ. അതില്ലാത്തവരെ അസിസ്റ്റന്റ് ടീച്ചറാക്കേണ്ടിവരും. കുറഞ്ഞ ശമ്പളത്തിന് ഇവർ ജോലി ചെയ്യുമോ എന്നതും വ്യക്തമല്ല. ഇതേസമയം മതിയായ യോഗ്യതയും തൊഴിൽ പരിചയവുമുള്ള അധ്യാപകരെ ലഭ്യമല്ലാത്തതിനാൽ റിസപ്ഷനിസ്റ്റ്, സെക്രട്ടറി, ഡേറ്റ എൻട്രി തസ്തികകളിൽ സ്വദേശികളെ നിയമിച്ച സ്കൂളുകളുമുണ്ട്.
അറബിക്, ഇസ്ലാമിക്, സോഷ്യൽ സ്റ്റഡീസ് വിഷയങ്ങൾ പഠിപ്പിക്കാനാവശ്യമായ സ്വദേശി അധ്യാപകരെ പരിശീലനം നൽകിവരികയാണെന്നു മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സൂചിപ്പിച്ചു. അധ്യാപകരെ ലഭ്യമല്ലാത്ത അവസരത്തിൽ സ്കൂളിലെ മറ്റു തസ്തികകളിൽ സ്വദേശികളെ നിയമിക്കാം.
യുഎഇയിലെ സ്വകാര്യമേഖലയിൽ 2% തൊഴിൽ സംവരണത്തിലൂടെ സ്വദേശി യുവതീ യുവാക്കൾക്ക് ജോലി ലഭ്യമാക്കുന്ന പദ്ധതിയാണ് നാഫിസ്. 2022ൽ ആരംഭിച്ച പദ്ധതി പ്രകാരം വർഷത്തിൽ 2% സ്വദേശികളെ നിയമിച്ചുവരുന്നു. ഈ വർഷം അത് 4%, അടുത്ത വർഷം 6%, 2025ൽ 8%, 2026ൽ 10% എന്നിങ്ങനെയാണ് സ്വദേശികളെ നിയമിക്കേണ്ടത്.
കഴിഞ്ഞ വർഷം 28,700 സ്വദേശികൾ സ്വകാര്യമേഖലയിൽ ജോലിയിൽ പ്രവേശിച്ചതോടെ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം അര ലക്ഷത്തിലേറെയായി.