മുഖ്യമന്ത്രി പദത്തെ ചൊല്ലി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള പോര് രൂക്ഷമാവുകയാണ്. കേരള മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹം പറഞ്ഞ ശശി തരൂര്‍ എംപിക്കെതിരെ രമേശ് ചെന്നിത്തല നടത്തിയ രൂക്ഷ പ്രതികരണത്തിന് പിന്നാലെയാണ് നേതാക്കള്‍ പരസ്യ പോര് തുടങ്ങിയത്. തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നിരവധി നേതാക്കളാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ മുന്‍ എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥനും തരൂരിനെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ‘ഈ കോട്ട് എന്തായാലും അദ്ദേഹത്തിന് ഇണങ്ങും’ എന്നാണ് തരൂരിന്‍റെ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ച് ശബരി കുറിച്ചത്.
ഒരു സ്വകാര്യ ചാനലിന്‍റെ വാര്‍ത്താ താരത്തിനുള്ള പുരസ്കാര ജേതാവായ ഡോ. ശശി തരൂരിനെ അഭിനന്ദിച്ചുള്ള പോസ്റ്റിലാണ് ശബരീനാഥന്‍ തരൂരിന് പരോക്ഷ പിന്തുണയുമായി രംഗത്തെത്തിയത്. എഐസിസി അധ്യക്ഷ പദവിയിലേക്ക് തരൂര്‍ മത്സരിച്ചപ്പോഴും പരസ്യപിന്തുണയുമായി ശബരീനാഥന്‍ രംഗത്തെത്തിയിരുന്നു. അതേസമയം തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് യൂത്തു കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ നടത്തിയത്. ഒരാൾ തെരുവിൽ വന്ന് മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുന്നു, സമുദായ നേതാക്കളെ കാണുന്നു, ഇതിന് പാർട്ടി ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നായിരുന്നു ഷാഫി പറമ്പിലിന്‍റെ ചോദ്യം. ശശി തരൂരിനെ പേരെടുത്ത് പറയാതെയാണ് ഷാഫിയുടെ വിമര്‍ശനം.