ഡല്‍ഹിയിലെ ഫ്ലാറ്റില്‍ രക്തക്കറ, ഗ്രനേഡ്; കൊലപ്പെടുത്തി, ചിത്രീകരിച്ചതായി സംശയം

ജഹാംഗിര്‍പുരിയില്‍ ഫ്ലാറ്റില്‍നിന്ന് ഗ്രനേഡുകളും തോക്കുകളും വെടിയുണ്ടകളും പൊലീസ് പിടികൂടി. മുറിയിൽ രക്തക്കറയും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ജഗ്ജിത് സിങ്, നൗഷാദ് എന്നിവർ പിടിയിലായി. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. കേസില്‍ ഭീകരബന്ധം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഭല്‍സ്വ ഡയറിയിലെ വാടക വീട്ടിലാണു സംഭവം.

വീട്ടിൽ രക്തക്കറ കണ്ടെത്തിയതോടെ ഫൊറന്‍സിക് സംഘം പരിശോധിച്ചു. പ്രതികൾ കൊലപാതകം നടത്തുകയും അത് ചിത്രീകരിച്ച് മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തെന്നാണു പൊലീസ് സംശയിക്കുന്നത്. അയച്ചുകൊടുത്തത് പാക്കിസ്ഥാനിലുള്ള ഒരാള്‍ക്കാണെന്നും സൂചനയുണ്ട്. മൃതദേഹം കഷണങ്ങളാക്കി ഫ്രിജില്‍ സൂക്ഷിച്ചിരുന്നെന്നും സംശയിക്കുന്നു.

ആരെയാണ് കൊലപ്പെടുത്തിയത്, കൊലയ്ക്ക് നിര്‍ദേശം നല്‍കിയത് ആര് തുടങ്ങിയ കാര്യങ്ങളാണ്  അന്വേഷിക്കുന്നത്. പിടിയിലായ ജഗ്ജിത് സിങ്ങിന് ചില ഖലിസ്ഥാന്‍ ഭീകരരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. നൗഷാദ് പാക്കിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ഭീകരസംഘടനയിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്തി. പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ  പ്രതികളെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *