‘മൂന്നു കുഞ്ഞാകാം’ ഇളവിലും ജനസംഖ്യ ഉയരാതെ ചൈന; 60 വർഷത്തിൽ ഇതാദ്യം

അറുപതു വർഷത്തിനിടെ ഇതാദ്യമായി ജനസംഖ്യയിൽ ഇടിവു രേഖപ്പെടുത്തി ചൈന. 2021 ലെ ജനസംഖ്യയിൽ നിന്ന് 8.5 ലക്ഷം ഇടിവോടെ 141.17 കോടിയിലേക്കാണ് 2022 ൽ ജനസംഖ്യ എത്തിയതെന്നു ചൈനയിലെ നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.

ജനസംഖ്യ ഇടിയുന്നതു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ദുർബലമാക്കുമെന്ന വിലയിരുത്തലുളളതിനാൽ ഔദ്യോഗിക കേന്ദ്രങ്ങൾ ഗൗരവത്തോടെയാണ് ഇത് കാണുന്നത്. തൊഴിൽരംഗത്ത് യുവാക്കളേക്കാൾ പ്രായമേറിയവർ കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക കുതിപ്പിനെ ബാധിക്കുമെന്നതും വയോജനക്ഷേമപദ്ധതികൾ തുടങ്ങിയവയ്ക്ക് പൊതുഖജനാവിൽ ഇത് സമ്മർദ്ദമുണ്ടാക്കാമെന്നതുമാണ് അതിനു കാരണം.

ജനസംഖ്യാപരമായ ഭാവി പ്രതിസന്ധി അതിജീവിക്കാൻ ദമ്പതികൾക്കു മൂന്നു കുഞ്ഞുങ്ങൾ വരെ ആകാം എന്ന നിലയിൽ ജനന നിയന്ത്രണ ചട്ടത്തിൽ 2021 ൽ ചൈനീസ് സർക്കാർ ഇളവ് അനുവദിച്ചിരുന്നു. അമിത ജനസംഖ്യ ചെറുക്കാൻ 1980 കളിൽ ചൈനീസ് സർക്കാർ ഏർപ്പെടുത്തിയ ‘ഒരു കുട്ടി മാത്രമെന്ന’ കർശന നിലപാട് ഒഴിവാക്കിയായിരുന്നു ഇത്. എന്നാൽ ജനനനിയന്ത്രണത്തിൽ നൽകിയ ഇളവിലും ജനസംഖ്യയിൽ കാര്യമായ മെച്ചമുണ്ടാകുന്നില്ലെന്ന സൂചനയാണു നാഷനൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ വെളിപ്പെടുത്തുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *