കാട്ടാനയെ കണ്ട് പേടിച്ചോടിയ ഗർഭിണിക്ക് വീണ് പരുക്ക്; ഗർഭസ്ഥ ശിശു മരിച്ചു

കാട്ടാനയെ കണ്ടു ഭയന്നോടിയ ഗർഭിണിക്ക് വീണ് ഗുരുതരമായി പരുക്കേറ്റു; 7 മാസം ഗർഭിണിയായ യുവതിയെ ആശുപത്രിയിലെത്തിക്കാൻ 10 മണിക്കൂർ വൈകിയതോടെ ഗർഭസ്ഥ ശിശു മരിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ ഷെഡ്ഡുകുടി സ്വദേശിനി അംബിക (36) ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആംബുലൻസ് സൗകര്യമില്ലാതിരുന്നതും റോഡ് തകർന്നതുമാണ് ഇടമലക്കുടിയിൽ നിന്ന് മൂന്നാറിലെത്തിക്കാൻ 10 മണിക്കൂർ താമസമുണ്ടായതിനു കാരണം.

ഈ മാസം 6ന് ആയിരുന്നു സംഭവം. രാവിലെ എട്ടോടെ കുളിക്കാൻ പോയ അംബിക കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ തെന്നിവീണു. വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. രക്തസ്രാവമുണ്ടായി ബോധരഹിതയായി പുഴക്കരയിൽ വീണു കിടക്കുകയായിരുന്നു അംബിക.

ഇടമലക്കുടി സർക്കാർ ആശുപത്രിയിലെ ഡോ. അഖിൽ രവീന്ദ്രനെത്തി പ്രാഥമിക ചികിത്സ നൽകി. ആംബുലൻസ് ഇല്ലാത്തതിനാൽ സ്ട്രെച്ചറിൽ ജീപ്പിനുള്ളിൽ കിടത്തി കെട്ടിവച്ചാണ് 18 കിലോമീറ്റർ ദൂരെയുള്ള പെട്ടിമുടിയിലെത്തിച്ചത്. അവിടെ നിന്ന് ആംബുലൻസിൽ രാത്രി ഏഴോടെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഐസിയു ആംബുലൻസിൽ രാത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. അസ്മോഹനാണു ഭർത്താവ്. ഇവർക്കു 3 മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *