ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയിൽ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിനു അവസരം നൽകിയിരുന്നുവെന്നും എന്നാൽ സർക്കാർ പ്രതികരിച്ചില്ലെന്നും ബിബിസി വ്യക്തമാക്കി. വിശദമായ ഗവേഷണം നടത്തിയാണു ഡോക്യുമെന്ററി തയാറാക്കിയത്. ബിജെപി നേതാക്കളുടെ അടക്കം അഭിപ്രായം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി അറിയിച്ചു.
ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നും വെളിപ്പെടുത്തൽ നടത്തുന്ന ബിബിസി ഡോക്യുമെന്ററിയെ ഇന്ത്യ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിബിസിയുടെ വിശദീകരണം.
ബിബിസിയുടെ ഒരു ചാനൽ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി ഇന്ത്യയിൽ കാണിച്ചിരുന്നില്ലെന്നും ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പ്രതികരണമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചിരുന്നു.