ആര്‍ട്ട് ഗാലറിക്ക് മുന്‍പില്‍ നിരത്തില്‍ കഴിഞ്ഞ വനിതയ്ക്കെതിരെ വാട്ടര്‍ സ്പ്രേ പ്രയോഗം, 71 കാരന്‍ അറസ്റ്റില്‍

വീടില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന സ്ത്രീയ്ക്കെതിരെ വെള്ളം സ്പ്രേ ചെയ്ത 71 കാരന്‍ അറസ്റ്റില്‍. തന്‍റെ ആര്‍ട്ട് ഗാലറിക്ക് മുന്‍പില്‍ ഇരുന്ന നിരാലംബയായ സ്ത്രീയെയാണ് 71കാരന്‍ വെള്ളം സ്പ്രേ ചെയ്ത് ഓടിക്കാന്‍ ശ്രമിച്ചത്. ജനുവരി ആദ്യം നടന്ന സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതിന്‍റെ പിന്നാലെ ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സാന്‍സ്ഫ്രാന്‍സിസ്കോയിലെ നോര്‍ത്ത് ബീച്ചിലെ സംഭവം. നോര്‍ത്ത് ബീച്ചിലെ ഫോസ്റ്റര്‍ ഗ്വിന്‍ ഗാലറിയ്ക്ക് മുന്നിലായിരുന്നു സംഭവം. ഷാനന്‍ കൊള്ളിയര്‍ ഗ്വിന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ആര്‍ട്ട് ഗാലറിക്ക് മുന്നിലെ നടപ്പാതയില്‍ ഇരുന്ന സ്ത്രീയെ ഇവിടെ നിന്ന് മാറ്റുന്നതിന് വേണ്ടിയായിരുന്നു 71കാരന്‍റെ ക്രൂരത. ഗാലറിക്ക് മുന്നില്‍ നിന്ന് മാറണമെന്ന് വനിതയോട് ആവശ്യപ്പെട്ടതിനോട് പ്രതികരിക്കാതെ വന്നതോടെയായിരുന്നു 71കാരന്‍ വനിതയ്ക്കെതിരെ വെള്ളം സ്പ്രേ ചെയ്തത്.

വനിതയ്ക്കെതിരെ അക്രമം നടക്കുന്നുവെന്ന് വിവരം ലഭിച്ച് സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കണ്ടെത്തിയത് തെരുവിലുള്ള വൃദ്ധയുമായി തര്‍ക്കിക്കുന്ന 71കാരനെയാണ്. ചെയ്ത ക്രൂരതയ്ക്ക് വൃദ്ധയോട് ക്ഷമാപണം നടത്താന്‍ പോലും ഇയാള്‍ തയ്യാറായിരുന്നില്ല. പിന്നീട് ആക്രമണത്തിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെയാണ് ഇയാള്‍ സംഭവത്തില്‍ ക്ഷമാപണം നടത്തുന്നത്. തെരുവില്‍ അലയുന്നവര്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടന കൂടി സംഭവത്തില്‍ ഇടപെട്ടതിന് പിന്നാലെയായിരുന്നു ഇത്.

വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് സാന്‍സ്ഫ്രാന്‍സിസ്കോ കോടതി 71 കാരനെതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയത്. നിരാലംബയായ ഒരു സ്ത്രീയ്ക്കെതിരെ സഹാനുഭൂതിയില്ലാത്ത പെരുമാറ്റം ഒരു തരത്തിലും അനുവദിക്കാനാവില്ലെന്ന് വിശദമാക്കിയാണ് നടപടി. ആറ് മാസം വരെ ശിക്ഷയും 2000 ഡോളര്‍ പിഴ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ് 71കാരനെതിരെ ചുമത്തിയിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *