കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ യുവതിയെ മനുഷ്യ അസ്ഥി കഴിപ്പിച്ചു, ഭർത്താവും കുടുംബവും അറസ്റ്റിൽ

മഹാരാഷ്ട്രയിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ 28 വയസ്സുകാരിയെ മനുഷ്യ അസ്ഥിയുടെ പൊടി നിർബന്ധിച്ച് കഴിപ്പിച്ച 7 പേർ അറസ്റ്റിൽ. യുവതിയുടെ ഭര്‍ത്താവ്, ഭര്‍തൃമാതാപിതാക്കള്‍, മന്ത്രവാദം നടത്തിയ സ്ത്രീ തുടങ്ങിയവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പുണെയിലാണ് സംഭവം. കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ നടന്ന ദുർമന്ത്രവാദത്തിൽ മനുഷ്യന്റെ എല്ല് പൊടിച്ച് വെള്ളത്തിൽ കലർത്തി യുവതിയെ നിർബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു.2019ലാണ് യുവതിയുടെ വിവാഹം നടന്നത്. കുട്ടികൾ ഇല്ലാത്തതിനാൽ പൂജയും വഴിപാടുമായി കഴിയുകയായിരുന്നു. അമാവാസി ദിനത്തിൽ പ്രത്യേക പൂജ നടത്തിയാൽ കുട്ടികളുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് ദുർമന്ത്രവാദം നടത്തുകയായിരുന്നുവെന്ന് സിൻഹാദ് പൊലീസ് ഇൻസ്പെക്ടർ ജയന്ത് രാജ്കുമാർ പറഞ്ഞു. എല്ലുപൊടിയുടെ വെള്ളം കുടിക്കുന്നതു കൂടാതെ വെള്ളച്ചാട്ടത്തിൽ പോയി കുളിക്കണമെന്നും മന്ത്രവാദിനിയുടെ നിർദേശമുണ്ടായിരുന്നു.

ദുർമന്ത്രവാദം കൂടാതെ തന്റെ മാതാപിതാക്കളിൽ നിന്ന് പണം വാങ്ങിവരാനായി തന്നെ നിർബന്ധിച്ചുവെന്നും ഇതിന്റെ പേരിൽ മാനസികവും ശാരീരികവുമായ ഉപദ്രവം ഏൽക്കേണ്ടി വന്നെന്നും യുവതി പറഞ്ഞു. മഹാരാഷ്ട്രയിലെ ദുര്‍മന്ത്രവാദ നിര്‍മാര്‍ജന നിയമം 2013 പ്രകാരവും സ്ത്രീധന പീഡന നിരോധന നിയമപ്രകാരവുമാണ് ഏഴു പ്രതികള്‍ക്കെതിരെയും കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *