ധോണിയിലെ ജനവാസ മേഖലയിൽ ഭീതി പരത്തുന്ന ഒറ്റയാൻ പി.ടി.ഏഴാമനെ (പാലക്കാട് ടസ്കർ 7) പിടികൂടാനുള്ള ദൗത്യസംഘം ധോണി വനമേഖലയിൽ സുരക്ഷിത സ്ഥലത്ത് ആനയെ കണ്ടെത്തി. മയക്കുവെടിവയ്ക്കാൻ പാകത്തിനുള്ള സ്ഥലത്താണ് ആനയെ കണ്ടെത്തിയത്. കൃത്യമായ നിരീക്ഷത്തിനുശേഷം മയക്കുവെടിവയ്ക്കും. ‘മിഷൻ പി.ടി.7’ വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു.
പുലർച്ചെ 4ന് പുറപ്പെട്ട ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘം സ്ഥലത്തെത്തിയിരുന്നു. 75 അംഗ വനപാലകരാണ് ധോണിയിലെ ദൗത്യത്തിനായുള്ളത്. സുരേന്ദ്രൻ, ഭരത്, വിക്രം എന്നീ കുങ്കിയാനകളും സംഘത്തിനൊപ്പമുണ്ട്. സുരക്ഷിത സ്ഥലത്ത് ഒറ്റയ്ക്ക് പി.ടി. ഏഴാമനെ കണ്ടെത്തിയാൽ മയക്കു വെടിയുതിർത്ത് പിടികൂടാനാണു ശ്രമം. കൂടിന്റെ ബലപരിശോധന ഇന്നലെ പൂർത്തിയാക്കിയിരുന്നു.