‘രാഹുൽ ഗാന്ധിയെ ഞാൻ തോൽപ്പിച്ചെന്നത് കോൺഗ്രസിനെ ഇപ്പോഴും വേദനിപ്പിക്കുന്നു’

രാഹുൽ ഗാന്ധിയെ അമേഠി മണ്ഡലത്തിൽ താൻ തോൽപ്പിച്ചുവെന്നത് കോൺഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ചു നടന്ന പരിപാടിയിൽ ദേശീയമാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു വനിതാ, ശിശുക്ഷേമ, ന്യൂനപക്ഷകാര്യ മന്ത്രിയായ അവർ.

”നേതൃത്വം എന്നതു ഭാവിയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തരാകണം. ഞങ്ങൾ മത്സരബുദ്ധിയുള്ളവരാണ് പക്ഷേ, സഹകരണ മനോഭാവവും പുലർത്തുന്നു. ഞാൻ സംസാരിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നതുകൊണ്ടല്ല ഞാൻ സംസാരിക്കുന്നത്. രാഹുൽ ഗാന്ധിയെ ഞാൻ തോൽപ്പിച്ചെന്ന വസ്തുത അവർക്ക് അംഗീകരിക്കാനായിട്ടില്ല” – അവർ കൂട്ടിച്ചേർത്തു. 2019ലെ പൊതു തിരഞ്ഞെടുപ്പിൽ യുപിയിലെ അമേഠിയിൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി പരാജയപ്പെടുത്തിയിരുന്നു. ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായിരുന്നു അമേഠി.

”അവരുടെ വേദനയുടെയും അസ്വാസ്ഥ്യത്തിന്റെയും ആഴം എത്രയെന്ന് നിങ്ങൾക്കു കരുതാനാകുമോ. ഓരോ ദിവസവും ഒരു ട്വീറ്റ് കൊണ്ടോ ഒരു ഫോട്ടോ കൊണ്ടോ പ്രഹരം നൽകാനാകുമോ എന്നതാണ് അവർ നോക്കുന്നത്. എല്ലാം കൊണ്ടുവരൂ എന്നാണ് ഞാൻ പറയുന്നത്. പക്ഷേ, ദാവോസിൽ എന്റെ വിലപ്പെട്ട സമയം കോൺഗ്രസിനുവേണ്ടി ഞാൻ മാറ്റിവയ്ക്കണോ. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾ ചർച്ചയാക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്” – അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *