കാല്‍ പുഴുവരിച്ച് ഗുരുതരാവസ്ഥയില്‍ വയോധിക; തിരിഞ്ഞുനോക്കാതെ അധികൃതര്‍

കാലില്‍ വ്രണം പഴുത്ത് പുഴുവരിച്ച നിലയില്‍ കിടപ്പിലായ വയോധികയെ അധികൃതര്‍ കയ്യൊഴിഞ്ഞതോടെ സന്നദ്ധപ്രവര്‍ത്തകന്റെ സഹായത്തോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പേരാവൂരിലാണ് സംഭവം. പഞ്ചായത്തിലെ കാഞ്ഞിരപ്പുഴക്ക് സമീപം താമസിക്കുന്ന 65-കാരിയെയാണ് അധികൃതര്‍ കയ്യൊഴിഞ്ഞതിനെത്തുടര്‍ന്ന് ടൗണിലെ ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവര്‍ത്തകനുമായ ആപ്പന്‍ മനോജിന്റെ നേതൃത്വത്തില്‍ തെറ്റുവഴി കൃപാഭവനിലെ സന്തോഷും സഹായികളും ചേര്‍ന്ന് അഞ്ചരക്കണ്ടി ആസ്പത്രിയിലേക്ക് മാറ്റിയത്.

കാലില്‍ വ്രണം വന്ന് പേരാവൂര്‍ താലൂക്കാസ്പത്രിയില്‍ മുന്‍പ് ചികിത്സ തേടിയ വയോധികയെ തുടര്‍ചികിത്സക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും രോഗം ഭേദമായില്ല. കയ്യില്‍ പണമില്ലാത്തതിനാലും സഹായിക്കാൻ ആരുമില്ലാത്തതിനാലും തിരിച്ച് വീട്ടിലെത്തിയ ഇവരെ പേരാവൂരിലെ ആരോഗ്യവകുപ്പ് പ്രവര്‍ത്തകരും കയ്യൊഴിഞ്ഞു.

നാലു മക്കളുണ്ടെങ്കിലും കൂടെ താമസിക്കുന്ന മകളൊഴികെ മറ്റു മക്കള്‍ സഹായിക്കുന്നില്ലെന്ന് കാണിച്ച് പേരാവൂര്‍ പോലീസില്‍ മകള്‍ പരാതി നല്കിയിരുന്നു. വയോധികയുടെ സ്ഥിതി മനസിലാക്കിയിട്ടും പോലീസും യാതൊന്നും ചെയ്തില്ലെന്ന് മകള്‍ പറഞ്ഞു. പഞ്ചായത്തും ആശാവര്‍ക്കറും അവഗണിച്ചതോടെയാണ് ആപ്പന്‍ മനോജ് വിവരങ്ങളറിഞ്ഞ് സഹായവുമായി എത്തിയത്. റോഡില്ലാത്തതിനാല്‍ കട്ടിലില്‍ ചുമന്നു കൊണ്ടുവന്നാണ് മനോജും കൃപാഭവന്‍ എം.ഡി സന്തോഷും ചേര്‍ന്ന് വയോധികയെ വ്യാഴാഴ്ച രാവിലെ ആമ്പുലന്‍സില്‍ കയറ്റി ആസ്പത്രിയിലേക്ക് മാറ്റിയത്.

കാലില്‍ പുഴുവരിച്ച് അതീവ ഗുരുതരാവസ്ഥയിലായിട്ടും സഹായിക്കാന്‍ ബാധ്യസ്ഥരായ ആരോഗ്യവകുപ്പും പോലീസും പഞ്ചായത്തും വയോധികയെ തീര്‍ത്തും അവഗണിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *