ഉടുമ്പിനെ കൊന്ന് കറിവെച്ചുതിന്ന സംഭവത്തിൽ പിതാവും മകനും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. വാളറ കൊയ്യിക്കൽ കെ.എം. ബാബു (50), വാളറ തൈപ്പറമ്പിൽ ടി.കെ. മനോഹരൻ (48), മകൻ മജേഷ് (20), വാളറ അഞ്ചാം മൈൽ സെറ്റിൽമെന്റിലെ പൊന്നപ്പൻ (52) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ജനുവരി 26-ന് ആണ് കേസിനാസ്പദമായ സംഭവം. നേര്യമംഗലം റേഞ്ച് ഓഫീസർ സുനിൽ ലാലിന്റെ നേതൃത്വത്തിൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്നുകലുങ്ക് ഭാഗത്ത് നിന്നാണ് ആറ് കിലോയിലേറെ തൂക്കമുള്ള ഉടുമ്പിനെ ഇവർ വേട്ടയാടി പിടിച്ചത്. പിന്നീട് കൊന്ന് നാലുപേരും ഇറച്ചി വീതംവെച്ചെടുത്തു. തുടർന്ന്, ഇത് കറിവെച്ച് കഴിക്കുകയും ചെയ്തു. കറിവെക്കാൻ ഉപയോഗിച്ച പാത്രങ്ങളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിച്ചതിന് ശേഷമുള്ള ഇറച്ചിയും പിടികൂടി.
റെയ്ഡിന് വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.ആർ. ജയപ്രകാശ്, എ.എസ്. രാജു എന്നിവർ പങ്കെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.