8 പതിറ്റാണ്ടത്തെ വിലക്ക് മറികടന്ന് ദലിതർ; ക്ഷേത്രത്തിൽ പ്രവേശിച്ച് 200 പേർ 

എട്ടു പതിറ്റാണ്ടോളമായി പ്രവേശനമില്ലാതിരുന്ന ക്ഷേത്രത്തിൽ ആരാധന നടത്തി ദലിതർ ചരിത്രം കുറിച്ചു. ഇരുന്നൂറോളം ദലിതരാണു ക്ഷേത്രത്തിൽ പ്രവേശിച്ചത്. തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തെൻമുടിയന്നൂർ ക്ഷേത്രത്തിലായിരുന്നു ചരിത്രമുഹൂർത്തം.

 പ്രബല സമുദായത്തിന്റെ കടുത്ത എതിർപ്പുണ്ടായിട്ടും ജില്ലാ ഭരണകൂടത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു ദലിതരുടെ ക്ഷേത്രപ്രവേശനം. പൊങ്കൽ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം. 500ലേറെ ദലിത് കുടുംബങ്ങൾ താമസിക്കുന്ന തെൻമുടിയന്നൂരിലെ 200 വർഷം പഴക്കമുള്ള ക്ഷേത്രമാണിത്.

പ്രാർഥനകൾക്കു വെവ്വേറെ ക്ഷേത്രങ്ങൾ ഉപയോഗിക്കുക എന്ന ഉടമ്പടിയാണ് ഗ്രാമത്തിൽ നിലനിന്നിരുന്നത്. ക്ഷേത്രത്തിലേക്ക് ദലിതർക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടവും പൊലീസും ചർച്ച നടത്തിയിരുന്നെങ്കിലും പ്രബല സമുദായത്തിന്റെ എതിർപ്പ് ശക്തമായിരുന്നു. ദലിതർ പ്രവേശിച്ച ക്ഷേത്രം മുദ്രവയ്ക്കണം എന്നാവശ്യപ്പെട്ട് 750ലേറെ പേർ പ്രതിഷേധവുമായി രംഗത്തെത്തി. സംഘർഷ സാധ്യത ഒഴിവാക്കാൻ‌ പ്രദേശത്ത് കൂടുതൽ പൊലീസിനെ നിയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *