ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഗൗതം അദാനി പുറത്ത്

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ലോകത്തെ ആദ്യ പത്ത് സമ്പന്നരുടെ പട്ടികയില്‍ നിന്ന് പുറത്തായി ഗൗതം അദാനി. ഏറ്റയിലെ ഏറ്റവും സമ്പന്നനെന്ന നിലയിലും ഉടന്‍ മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി ഓഹരി വിപണിയില്‍ നേരിടുന്ന തകര്‍ച്ചയാണ് അദാനിക്ക് വെല്ലുവിളിയാവുന്നത്. ബ്ലൂംബെര്‍ഗ് പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ാം സ്ഥാനത്തേക്കാണ് അദാനി എത്തിയത്. മൂന്ന് ദിവസത്തിനുള്ളില്‍ 34 ബില്യണ്‍ ഡോളറിന്‍റെ തകര്‍ച്ചയാണ് അദാനി നേരിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം. അതേസമയം അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞുള്ള ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണ് അദാനി ഗ്രൂപ്പ് നേരിടുന്നത്. ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. 

അതേസമയം ഓഹരി വിപണിയിൽ നിന്നുണ്ടായ തുടർ തിരിച്ചടിയിൽ നിന്ന് കരകയറുന്നതിന്‍റെ സൂചന നൽകി തുടങ്ങിയിട്ടുണ്ട് അദാനി ഗ്രൂപ്പ് ഓഹരികൾ. അദാനിയുടെ പത്തിൽ അഞ്ച് കമ്പനികളും ഇന്ന് ആദ്യമണിക്കൂറുകളിൽ നേട്ടമുണ്ടാക്കുന്നുണ്ടെന്നാണ് ആദ്യ പാദത്തിലെ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. അദാനി എന്‍റെർപ്രൈസസിന്‍റെ തുടർ ഓഹരി വിൽപന ഇന്ന് അവസാനിക്കാനിരിക്കെ ഈ സൂചനകൾ കമ്പനിക്ക് പ്രതീക്ഷ നൽകുന്നതാണ്. 3200 കോടിയോളം രൂപ അദാനി എന്‍റെർപ്രൈസസിൽ നിക്ഷേപിക്കുമെന്ന അബുദാബി ഇന്‍റെർണാഷണൽ ഹോൾഡിംഗ്സ് കമ്പനിയുടെ പ്രഖ്യാപനം ഇന്ന് നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം കൂട്ടുമെന്നാണ് വിലയിരുത്തൽ. 

Leave a Reply

Your email address will not be published. Required fields are marked *