വൺലൈൻ കേട്ട് ത്രില്ലടിച്ചെന്ന് ദാദ, ദളപതി 67-ൽ വില്ലനായി സഞ്ജയ് ദത്ത്

പുറത്തുവരുന്ന ഓരോ അപ്ഡേറ്റുകൊണ്ടും സിനിമാ ആരാധകരെ ത്രില്ലടിപ്പിക്കുകയാണ് ലോകേഷ് കനകരാജ്-വിജയ് ചിത്രം ടി67. വിജയിയുടെ 67-ാമത് ചിത്രത്തേക്കുറിച്ച് ഒരു ഔദ്യോ​ഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിൽ സുപ്രധാനമായ വേഷത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്തും ഉണ്ടാകുമെന്നതാണ് ആ വാർത്ത.

നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സഞ്ജയ് ദത്തിനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ദളപതി 67-ന്റെ ഭാ​ഗമാകുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു. വിജയ് ചിത്രത്തിന്റെ വൺലൈൻ കേട്ട് ത്രില്ലടിച്ചെന്ന സഞ്ജയ് ദത്തിന്റെ വാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു കാരക്റ്റർ പോസ്റ്ററും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.

ലോകേഷ് കനകരാജ് യൂണിവേഴ്സ് ചിത്രങ്ങളിൽ ഉൾപ്പെട്ട ഒന്ന് എന്നുള്ളതുകൊണ്ട് വൻ പ്രതീക്ഷയാണ് ചിത്രത്തിന്മേലുള്ളത്. സംവിധായകൻ മിഷ്കിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാ​ഗങ്ങൾ കൊടൈക്കനാലിൽ വെച്ച് ചിത്രീകരിച്ചെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ആദ്യവാരം കാശ്മീരിലേക്ക് തിരിക്കുന്ന സംഘം 60 ദിവസത്തെ ചിത്രീകരണമാണ് പദ്ധതിയിട്ടിരിക്കുന്നത്. വിജയ്, സഞ്ജയ് ദത്ത് എന്നിവരടങ്ങുന്ന രം​ഗങ്ങൾ ഇവിടെയായിരിക്കും ചിത്രീകരിക്കുക എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.

സിനിമയുടെ ടീസർ ഫെബ്രുവരി മൂന്നിനെത്തുമെന്നാണ് കരുതുന്നത്. നിവിൻ പോളി, തൃഷ, ​ഗൗതം മേനോൻ, അർജുൻ, പ്രിയാ ആനന്ദ്, മൻസൂർ അലിഖാൻ എന്നിവരാണ് മറ്റുവേഷങ്ങളിൽ. ഇവർക്കൊപ്പം കമൽ ഹാസൻ വിക്രം എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുമെന്നാണ് സൂചന. അനിരുദ്ധ് സം​ഗീത സംവിധാനവും അൻപറിവ് സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. മനോജ് പരമഹംസയാണ് ഛായാ​ഗ്രഹണം.

Leave a Reply

Your email address will not be published. Required fields are marked *