കരുനാഗപ്പള്ളി ലഹരിക്കടത്ത്: രണ്ടു പേരെ കൂടി പ്രതിചേര്‍ത്തു; ഇരുവരും ഒളിവിൽ

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ രണ്ടു പേരെ കൂടി പ്രതി ചേർത്തു. സിപിഎം നേതാവ് എ.ഷാനവാസിന്റെ ലോറി വാടകയ്ക്ക് എടുത്ത കട്ടപ്പന സ്വദേശി ജയൻ, മറ്റൊരു ലോറി ഉടമയായ ആലപ്പുഴ സ്വദേശി അൻസർ എന്നിവരെയാണ് പ്രതി ചേർത്തത്. ഇരുവരും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ലഹരിക്കടത്ത് പിടികൂടി 20 ദിവസം പിന്നിടുമ്പോഴാണ് രണ്ടുപേരെ കൂടി പ്രതി ചേർക്കുന്നത്.

അന്‍സറിനെ നേരത്തേ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ജയനെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഷാനവാസും ജയനും തമ്മിലുളള വാടക കരാര്‍ വ്യാജമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ ലോറി ജീവനക്കാർ ഉൾപ്പെടെ നാലു പേരെ കരുനാഗപ്പള്ളി പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവിൽനിന്ന് രണ്ടു ലോറികളിലായി ഒന്നേകാല്‍ ലക്ഷത്തിലധികം രൂപയുടെ നിരോധിത പാന്‍മസാല പായ്ക്കറ്റുകളാണ് കരുനാഗപ്പളളിയിലേക്ക് എത്തിച്ചത്. ലോറിയുടെ ഉടമകള്‍ പ്രതികളാകില്ല, ലോറി ജീവനക്കാര്‍ മാത്രമാണ് കുറ്റക്കാരെന്നായിരുന്നു പൊലീസിന്റെ നേരത്തെയുളള വാദം. എന്നാൽ, എ.ഷാനവാസിന്റെ ലോറി പിടികൂടിയതാണ് അന്വേഷണത്തില്‍ കരുനാഗപ്പളളി പൊലീസിനെ സമ്മര്‍ദത്തിലായത്.

Leave a Reply

Your email address will not be published. Required fields are marked *