നാലര മണിക്കൂറിലധികം  തുടർച്ചയായി ബസ് ഡ്രൈവർമാർ ജോലി ചെയ്യുന്നതിന് സൗദിയിൽ വിലക്ക്‌

നാലര മണിക്കൂറിലധികം തുടർച്ചയായി ബസ് ഡ്രൈവർമാർ ജോലിചെയ്യുന്നത് സൗദി പൊതുഗതാഗത അതോറിറ്റി വിലക്കി. ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് നടപടി. സാപ്ത്കോ ഉൾപ്പെടെയുള്ള ബസ് സർവീസുകൾ ഇത് നിർബന്ധമായും പാലിക്കേണ്ടി വരും.

റോഡപകടങ്ങൾ ഒഴിവാക്കുക, ഗതാഗത സേവനങ്ങളുടെ നിലവാരം ഉയർത്തുക, തൊഴിലാളിക്ക് മതിയായ വിശ്രമം ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന് പിറകിൽ. നിലവിൽ ഇത് സംബന്ധിച്ച ഉത്തരവ് നിലവിലുണ്ട്. ഇത് കർശനമായി നടപ്പാക്കാനാണ് പൊതു ഗതാഗത അതോറിറ്റിയുടെ ഉത്തരവ്. നാലര മണിക്കൂർ ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവർമാർക്ക് 45 മിനിറ്റ് വിശ്രമം നിർബന്ധമാണ്.

ദീർഘ ദൂര യാത്രാ റൂട്ടുകളിൽ രണ്ടാം ഡ്രൈവർക്ക് വാഹനമോടിക്കാം. വിശ്രമ സമയത്ത് ഡ്രൈവർമാർ മറ്റു ജോലികളിലേക്ക് തിരിയരുത്. 24 മണിക്കൂറിനുള്ളിൽ ഡ്രൈവിംഗ് ദൈർഘ്യം ഒമ്പത് മണിക്കൂറിൽ കൂടാനും പാടില്ല. ആഴ്ചയിലെ ഡ്രൈവിംഗ് ദൈർഘ്യം 56 മണിക്കൂറിൽ കൂടരുതെന്നും ഉത്തരവിൽ പറയുന്നു. 24 മണിക്കൂറിനിടെ ഡ്രൈവർക്ക് 11 മണിക്കൂറെങ്കിലും വിശ്രമം നൽകിയിരിക്കണം.

ദീർഘ ദൂര ബസ്സുകളിലെ യാത്രക്കാർക്ക് ബസ്സുകളിൽ വിശ്രമ സൗകര്യമുണ്ട്. പക്ഷേ ഇത് കണക്കിലെടുക്കില്ല. 24 മണിക്കൂറിനിടെ ബസ്സിന് പുറത്ത് താമസ സ്ഥലത്തുള്ള വിശ്രമ സമയം നൽകിയിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *