അടുത്ത അഞ്ചുവർഷത്തിനകം ദുബായിലെ എല്ലാ ടാക്സികളും 100 ശതമാനം പരിസ്ഥിതി സൗഹൃദ വാഹനങ്ങളാക്കി മാറ്റാനുള്ള പദ്ധതിക്ക് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അംഗീകാരംനൽകി. ദുബായ് ടാക്സി കോർപ്പറേഷന്റെയും മറ്റ് ടാക്സി സേവനദാതാക്കൾക്ക് കീഴിലുള്ള എല്ലാ വാഹനങ്ങളും 2027-ഓടെ ഹൈബ്രിഡ്, വൈദ്യുതി അല്ലെങ്കിൽ ഹൈഡ്രജൻ എന്നിവയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വാഹനങ്ങളാക്കി മാറ്റാനാണ് തീരുമാനം. എമിറേറ്റിൽ പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കാനുള്ള യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശാനുസരണമാണ് ടാക്സികളെ പരിസ്ഥിതിസൗഹൃദ വാഹനങ്ങളാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
2022 അവസാനത്തോടെ ദുബായിലെ ടാക്സികളുടെ എണ്ണം 11,371 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ 8221 ഹൈബ്രിഡ് വാഹനങ്ങളുണ്ട്. ഇത് മൊത്തം വാഹനങ്ങളുടെ 72 ശതമാനം വരും. ഊർജ ഉപയോഗം പരിമിതപ്പെടുത്തുക, സുസ്ഥിര അന്തരീക്ഷം സൃഷ്ടിക്കുക, ഹരിത ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ എമിറേറ്റിന്റെ സ്ഥാനം ആഗോളതലത്തിൽ ഒന്നാമത്തെത്തിക്കുന്നതിൽ പുതിയ തീരുമാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. 2008 മുതലാണ് പരിസ്ഥിതിസൗഹൃദ വാഹനങ്ങൾ ആർ.ടി.എ. നിരത്തിലിറക്കിത്തുടങ്ങിയത്. കാർബൺ പുറന്തള്ളൽ, ഇന്ധന ഉപയോഗം, പരിപാലനച്ചെലവ്, ശബ്ദത്തിന്റെ അളവ് എന്നിവ കുറയ്ക്കുന്നതിന് വലിയ സംഭാവനകൾ നൽകാൻ ഇത്തരം വാഹനങ്ങളുടെ ഉപയോഗത്തിലൂടെ സാധിച്ചിട്ടുണ്ട്.
സാധാരണ വാഹനങ്ങളെ അപേക്ഷിച്ച് ഹൈബ്രിഡ് വാഹനങ്ങൾ കൂടുതൽകാലം ഉപയോഗിക്കാൻ സാധിക്കും. വിലയും കുറവാണ്. കൂടാതെ മറ്റ് വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അറ്റകുറ്റപ്പണിയുടെ ചെലവ്, ഇന്ധനം, ഇൻഷുറൻസ് പ്രീമിയം എന്നിവയിലും 50 ശതമാനംവരെ കുറവുണ്ട്. 50 ശതമാനം ടാക്സികളും പരിസ്ഥിതിസൗഹൃദ വാഹനങ്ങളാക്കി മാറ്റിയതോടെ പ്രതിവർഷം ഏകദേശം 4,20,000 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും അൽ തായർ വ്യക്തമാക്കി. ഹരിതവാഹനങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിനും ശുദ്ധമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കാനുമുള്ള ദുബായ് നേതൃത്വത്തിന്റെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ആർ.ടി.എ.യുടെ പുതിയ തീരുമാനം.