സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ സ്വദേശികൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഗൾഫ് രാജ്യങ്ങളിൽ നടന്നുവരുന്ന സ്വദേശിവൽക്കരണ പ്രക്രിയ ഖത്തറിലും ആരംഭിക്കുന്നു. സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിൽ വർഷങ്ങളായി തുടരുന്ന സ്വദേശിവൽക്കരണ പ്രക്രിയ കഴിഞ്ഞ വർഷം മുതൽ യുഎഇയും ശക്തിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറും സ്വകാര്യ മേഖലയിൽ സ്വദേശി പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തറൈസേഷൻ പദ്ധതികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഇതിന്റെ ആദ്യ പടിയായി സ്വകാര്യ മേഖലയിലെ ജോലികൾ ദേശസാൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഇന്നലെ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകി. സ്വകാര്യ മേഖലയിലെ ജോലികൾ സ്വദേശിവൽക്കരിക്കുന്നതിന് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ, സൗകര്യങ്ങൾ, പ്രത്യേകാവകാശങ്ങൾ എന്നിവ സംബന്ധിച്ച കരട് തീരുമാനത്തിനും കാബിനറ്റ് അംഗീകാരം നൽകി.
വിവിധ മേഖലകൾക്കായുള്ള ദേശസാൽക്കരണ പദ്ധതികളുടെ വെളിച്ചത്തിൽ, ഓരോ മേഖലയിലെയും ദേശസാൽകൃത തൊഴിലവസരങ്ങൾ എത്രയെന്ന കാര്യം മന്ത്രിസഭ തീരുമാനിക്കും. തൊഴിൽ മന്ത്രി നിർദ്ദേശിച്ച പ്രകാരം, ദേശസാൽക്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സ്ഥാപനങ്ങൾക്കുള്ള പ്രോത്സാഹനങ്ങളും ആ സ്ഥാപനങ്ങളിലെ ഖത്തർ തൊഴിലാളികൾക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങളും ക്യാബിനറ്റ് നിർണ്ണയിക്കും.