അനാഥരായ കുട്ടികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് നൽകാനാകില്ലെന്ന മഹാരാഷ്ട്ര സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ബോംബെ ഹൈക്കോടതി (Bombay Highcourt). ഈ രണ്ട് വിഭാഗം തമ്മിലും യാതൊരു വ്യത്യാസവുമില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റിസ് ഗൗതം പട്ടേൽ, ജസ്റ്റിസ് നീല ഗോഖലെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. സർക്കാരിൽ നിന്ന് കുറച്ചുകൂടി ഉത്തരവാദിത്തത്തോടെയുള്ള പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു.
പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾക്ക് അവർ ഉപേക്ഷിക്കപ്പെട്ടവരാണെന്ന് എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് കോടതി ഉത്തരവിട്ടു. അതിലൂടെ അവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഉൾപ്പെടെയുള്ള ആനൂകൂല്യം ലഭിക്കുന്നതാണ്.
നെസ്റ്റ് ഫൗണ്ടേഷൻ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ വിധി. ഒരു ചാരിറ്റബിൾ ട്രസ്റ്റാണ് നെസ്റ്റ് ഫൗണ്ടേഷൻ. ഉപേക്ഷിക്കപ്പെട്ട പെൺകുട്ടികൾക്ക് അത് സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നെസ്റ്റ് ഫൗണ്ടേഷൻ കോടതിയെ സമീപിച്ചത്.
എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ നയം അനുസരിച്ച് അനാഥാരായവരെയും ഉപേക്ഷിക്കപ്പെട്ടവരെയും രണ്ട് തരത്തിൽ വിഭജിച്ചിട്ടുണ്ടെന്നും അതിനാൽ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്നുമാണ് സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക പൂർണ്ണിമ കാന്താരിയ പറഞ്ഞത്.
“അനാഥരായ കുട്ടികൾക്ക് ലഭിക്കുന്ന സംവരണം ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് നൽകാനാകില്ല. അനാഥരെ ഏറ്റെടുക്കാൻ ആരുമില്ല. എന്നാൽ ഉപേക്ഷിക്കപ്പെട്ടവരെ ഏറ്റെടുക്കാൻ ആരെങ്കിലും വരുമെന്നും,” കാന്താരിയ പറഞ്ഞു.
എന്നാൽ ഈ വാദത്തെ നിശിതമായി കോടതി വിമർശിച്ചു. ധാർമ്മികമായി അത്തരത്തിൽ രണ്ട് വിഭാഗമാക്കി തിരിക്കുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
“ധാർമ്മികമായി അതിൽ യാതൊരു വ്യത്യാസവുമില്ല. അനാഥാരായവർക്ക് ആനുകൂല്യങ്ങൾ ലഭിക്കില്ലേ. എന്നാൽ ഉപേക്ഷിക്കപ്പെട്ട കുട്ടികൾക്ക് ലഭിക്കില്ല എന്നാണോ? എന്താണ് ഇതിനു പിന്നിലെ ന്യായീകരണം. എന്ത് യുക്തിയാണ് ഇതിനുപിന്നിൽ. ഉപേക്ഷിക്കപ്പെട്ട അവസ്ഥയ്ക്ക് കാരണം ഈ കുട്ടികളല്ല. സർക്കാരിൽ നിന്ന് കുറച്ചുകൂടി പരിഗണനയുള്ള നിലപാടാണ് പ്രതീക്ഷിക്കുന്നത്,” കോടതി പറഞ്ഞു.
ഇത്തരം വിഭജനം അടിസ്ഥാനരഹിതമാണെന്നും ജൂവനൈൽ ജസ്റ്റിസ് നിയമത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കപ്പെട്ടതോ അനാഥാരായതോ ആകട്ടെ. ആ കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല സർക്കാരിനുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.
ജുവൈനൽ ജസ്റ്റിസ് നിയമത്തിന് കീഴിൽ അനാഥരാക്കപ്പെട്ടവരെന്നും ഉപേക്ഷിക്കപ്പെട്ടവരെന്നുമുള്ള വേർതിരിവ് ഇല്ല. അനാഥർ എന്ന നിർവചനത്തിന് കീഴിൽ നിയമപരമായ രക്ഷിതാവ് ഇല്ലാത്ത കുട്ടികളെയും ഉൾപ്പെടുത്തേണ്ടതാണ് കോടതി നീരീക്ഷിച്ചു.
പുരോഗമനപരമായ നിരവധി വിധികൾ പുറപ്പെടുവിച്ച കോടതിയാണ് ബോംബെ ഹൈക്കോടതി. നേരത്തെ 32 ആഴ്ച്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ യുവതിക്ക് ബോംബെ ഹൈക്കോടതി അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഗർഭസ്ഥശിശുവിന് നിരവധി പ്രശ്‌നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയത്. ഗർഭം തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ടെന്നും തീരുമാനം എടുക്കേണ്ടത് സ്ത്രീ മാത്രമാണെന്നും അനുമതി നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയിരുന്നു.