എല്ലാം രാജ്ഭവന്റെ പ്രോട്ടോകോൾ പ്രകാരം; അധികയാത്രാ ബത്തയായി 30 ലക്ഷം അനുവദിച്ചത് അറിഞ്ഞിട്ടില്ല; ഗവർണർ

അധികയാത്രാ ബത്തയായി കേരള സർക്കാർ 30 ലക്ഷം രൂപ അനുവദിച്ച കാര്യം താൻ അറിഞ്ഞിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായി താൻ ആവശ്യപ്പെട്ടിട്ടല്ല തുക അനുവദിച്ചതെന്നും ഗവർണർ പ്രതികരിച്ചു. ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് രാജ്ഭവന്റെ പ്രോട്ടോകോൾ പ്രകാരമെന്നും ഗവർണർ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ സർക്കാർ ഗവർണറുടെ വിമാന യാത്രക്ക് 30 ലക്ഷം രൂപ അധികം അനുവദിച്ച നടപടി വിവാദമായിരുന്നു. നടപ്പ് സാമ്പത്തിക വർഷം വിമാനയാത്രക്കായി സർക്കാർ അനുവദിച്ചിരുന്ന പണം ചെലവാക്കി കഴിഞ്ഞതിനെ തുടർന്നാണ് കൂടുതൽ തുക അനുവദിക്കേണ്ടിവന്നത്.

ഡിസംബർ 30 നാണ് അധിക തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി പൊതുഭരണ വകുപ്പിന് കത്ത് നൽകിയത്. സർക്കാർ- ഗവർണർ പോര് നിലനിൽക്കുമ്പോഴായിരുന്നു ആവശ്യം. സർക്കാർ- ഗവർണർ തർക്കങ്ങളിൽ മഞ്ഞുരുകിയതോടെ ഫയൽ ധനവകുപ്പ് പരിഗണിച്ചു. ജനുവരി 24 ന് എക്‌സ്‌പെൻഡിച്ചർ വിംഗ് ഗവർണറുടെ വിമാനയാത്രക്ക് ചെലവായ തുക അനുവദിക്കാൻ അധിക ഫണ്ട് വേണമെന്ന് ബജറ്റ് വിംഗിനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *