ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് ഭയം; 14കാരിയെ മൂന്നാഴ്ചയായി കാണാനില്ല

യുഎസ് സംസ്ഥാനമായ അര്‍കാന്‍സസില്‍ ഇന്ത്യന്‍ വംശജയായ 14 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞ മൂന്നാഴ്ചയായി കാണാനില്ല.  ടെക് മേഖലയിലെ കൂട്ടപ്പിരിച്ചുവിടലില്‍ പിതാവിന് ജോലി നഷ്ടപ്പെട്ട് അമേരിക്കയില്‍നിന്ന് പോകേണ്ടിവരുമെന്ന ഭയന്ന് പെണ്‍കുട്ടി വീട് വിട്ടതാകാമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. കോണ്‍വേയില്‍നിന്നുള്ള തന്‍വി മരുപ്പള്ളി എന്ന പെണ്‍കുട്ടിയെയാണ് കാണാതായിരിക്കുന്നത്. ബസില്‍ സ്‌കൂളിലേക്കു പോയ തന്‍വിയെ ജനുവരി 17-നാണ് അവസാനമായി പ്രദേശത്തു കണ്ടതെന്നു പൊലീസ് പറഞ്ഞു.

വര്‍ഷങ്ങളായി യുഎസില്‍ നിയമപരമായി ജീവിക്കുന്ന കുടുംബം ഇപ്പോള്‍ യുഎസ് പൗരത്വം നേടാനുള്ള ശ്രമത്തില്‍ കുടിയേറ്റ നിയമങ്ങളില്‍പെട്ട് വലയുകയാണെന്ന് തന്‍വിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ടെക് കമ്പനി ജീവനക്കാരനായ തന്‍വിയുടെ പിതാവ് പവന്‍ റോയിയുടെ ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മാതാവ് ശ്രീദേവി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങിയതിനു ശേഷം വീണ്ടും ആശ്രിത വീസയ്ക്ക് അപേക്ഷിച്ചിരിക്കുകയാണ്. 

പിതാവിന്റെ തൊഴില്‍വീസ നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യുമെന്ന് തന്‍വി പവനോട് ചോദിച്ചിരുന്നു. അങ്ങനെയെങ്കില്‍ ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് കുട്ടിയോടു പറഞ്ഞിരുന്നതായും പിതാവ് പവന്‍ പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങേണ്ടിവരുമെന്ന് അറിഞ്ഞത് തന്‍വിക്കു വലിയ ഞെട്ടലായിരുന്നു. ഞാന്‍ ഇവിടെ അല്ലേ ഉള്ളത്. എന്തിനാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്ന് അവള്‍ ചോദിച്ചിരുന്നു. ഇത്തരം ആശങ്കകള്‍ മൂലമാകാം തന്‍വി വീട് വിട്ട് പോയതെന്നാണ് കോണ്‍വേ പൊലീസ് കരുതുന്നത്. തന്‍വിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച കുടുംബം പ്രാര്‍ഥനകളോടെ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *