ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്

കര-വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്. കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍

കുവൈത്തില്‍ ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനത്തിന്‍റെ ടെസ്റ്റിംഗ് ഫേസ് ലോഞ്ച് ചെയ്തു. ഘട്ടം ഘട്ടമായിരിക്കും പദ്ധതി നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളുമാണ് കര-വ്യോമ അതിര്‍ത്തിയില്‍ സ്ഥാപിക്കുക.

ഐറിസ് സ്‌കാന്‍ ടെക്‌നോളജി ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിപ്പിക്കുന്നത്.പുതിയ സംവിധാനം നടപ്പിലാകുന്നതോടെ അതിര്‍ത്തികളില്‍ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ എൻട്രി, എക്‌സിറ്റ് നടപടിക്രമങ്ങൾ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാനും സാധിക്കും . ബയോമെട്രിക് സ്ക്രീനിംഗ് വരുന്നതോടെ രാജ്യത്ത് നിന്ന് നാട് കടത്തുന്നവരും തൊഴില്‍ കരാര്‍ ലംഘിച്ച് ഒളിച്ചോടുന്നവരും വീണ്ടും കുവൈത്തിലേക്ക് വ്യാജ പേരില്‍ പ്രവേശിക്കുന്നത് തടയുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .

അതോടൊപ്പം കര അതിര്‍ത്തികളില്‍ സ്ഥാപിച്ച ഓട്ടോമേറ്റഡ് പരിശോധന വഴി രാജ്യത്തിന് അകത്തേക്കും പുറത്തേക്കും പോകുന്ന വാഹനങ്ങളുടെ ആധികാരികത പരിശോധിക്കുവാനും കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു . സുരക്ഷാ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ അഭ്യന്തര മന്ത്രാലയം നടപ്പാക്കുന്ന ബഹുമുഖ പദ്ധതിയുടെ ഭാഗമായാണ് ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *