തെലുഗു നടന്‍ നന്ദമുരി താരകരത്ന അന്തരിച്ചു

തെലുഗു നടന്‍ നന്ദമുരി താരകരത്ന അന്തരിച്ചു. 40 വയസ്സായിരുന്നു. ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്‍റെ ‘യുവഗലം’ യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീണ താരകരത്ന കഴിഞ്ഞ 23 ദിവസമായി ബെംഗളുരുവില്‍ ചികിത്സയിലായിരുന്നു.

തെലുഗു ഇതിഹാസതാരവും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായ എന്‍ടിആറിന്‍റെ പേരക്കുട്ടിയാണ് താരക രത്ന. അദ്ദേഹത്തിന്‍റെ അച്ഛന്‍ നന്ദമുരി മോഹന്‍ കൃഷ്ണ തെലുഗിലെ അറിയപ്പെടുന്ന ഛായാഗ്രാഹകന്‍ ആയിരുന്നു. നായകനായും വില്ലനായും തെലുഗുസിനിമയില്‍ സജീവമായി തുടര്‍ന്ന താരമാണ് നന്ദമുരി താരകരത്ന. ബന്ധു കൂടിയായ നാരാ ലോകേഷിന്‍റെ യുവഗലം എന്ന തെരഞ്ഞെടുപ്പ് പ്രചാരണയാത്രയുടെ ഉദ്ഘാടനത്തിനിടെയാണ് ജനുവരി 27-ന് ആന്ധ്രയിലെ ചിറ്റൂരില്‍ വച്ച്‌ താരകരത്ന കുഴഞ്ഞുവീണത്.

തൊട്ടടുത്ത ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ബെംഗളുരുവിലെ നാരായണ ഹൃദയാലയയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി അന്ന് രാത്രി തന്നെ താരകരത്നയെ മാറ്റി. ബലൂണ്‍ ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന്‍റെ നില ഗുരുതരമായി തുടരുകയായിരുന്നു. വീണ്ടും ഹൃദയാഘാതമുണ്ടായതോടെ ജീവന്‍ രക്ഷിക്കാനായില്ല. അലേഖ്യ റെഡ്ഡിയാണ് താരക രത്നയുടെ ഭാര്യ. ഒരു മകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *