യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ യുക്രെയ്‌നില്‍

യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെയാണ് സന്ദർശനം. പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാണ് ബൈഡൻ അപ്രതീക്ഷിതമായി യുക്രെയ്ൻ തലസ്ഥാനമായ കീവിലെത്തിയത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.

യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാ‌ശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ പ്രശ്നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി. മ്യൂണിക്കിൽ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയി‍ൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യൻ അധിനിവേശത്തിനു പിന്തുണ നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനൽകിയത്. എന്നാൽ ചൈന കൈകെട്ടി നോക്കി നിൽക്കുകയോ എരിതീയിൽ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു.

റഷ്യ അനുകൂലമായ നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്നിൽ റഷ്യൻ അധിനിവേശമേഖലകളിൽ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു.

അതേസമയം, യുക്രെയ്നിലെ പടിഞ്ഞാറൻ നഗരമായ ഖമൽനിറ്റ്സ്കിയിലെ വൈദ്യുതിവിതരണ സംവിധാനം റഷ്യൻ ആക്രമണത്തിൽ തകർന്നു. റഷ്യ കരിങ്കടലിൽ നിന്നു മിസൈലുകൾ തൊടുക്കുകയായിരുന്നു. 4 മിസൈലുകൾ പ്രയോഗിച്ചെന്നും രണ്ടെണ്ണം വെടിവച്ചുവീഴ്ത്തിയെന്നും യുക്രെയ്ൻ വ്യോമസേന പറഞ്ഞു. ഹർകീവ് മേഖലയിലെ ഹ്രിയാനികിവ്ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *