തുർക്കി-സിറിയ അതിർത്തിയിൽ വീണ്ടും ഭൂകമ്പം; തീവ്രത 6.3

തുർക്കി- സിറിയ അതിർത്തി പ്രദേശത്ത് വീണ്ടും ഭൂകമ്പം. 6.3 തീവ്രത രേഖപ്പെടുത്തിയെന്നു യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) അറിയിച്ചു. ഭൂചലനത്തിൽ മൂന്നുപേർ മരിച്ചു . 680 പേർക്ക് പരിക്കേറ്റു. രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾക്ക് ഹതായ് പ്രവിശ്യയിലുണ്ടായ ഭൂചലനം തിരിച്ചടിയായി. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിന് പേരാണ് രാത്രിയിൽ വീട് വിട്ട് തുറസായ സ്ഥലങ്ങളിൽ അഭയം തേടിയത്

രണ്ടാഴ്ച മുന്പുണ്ടായ ഭൂകന്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ തെരുവിലെ ടെൻറുകളിൽ ഉറങ്ങുകയായിരുന്നവർ വീണ്ടും ദുരന്തമുഖത്തായി. കാൽക്കീഴിൽ ഭൂമി പിളരുന്നത് പോലെ തോന്നിയാണ് പലരും ഞെട്ടി ഉണർന്നത്. ടെൻറുകൾക്ക് വെളിയിൽ ആളുകൾ ഓടിക്കൂടുകയായിരുന്നു. തുർക്കിയിലെ ദുരന്തനിവാരണ സേന സ്ഥലത്തെത്തി. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ ഏകദേശം 47,000 പേരാണു മരിച്ചത്. 10 ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *