സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ല; എം.വി.ഗോവിന്ദൻ

ജനകീയ പ്രതിരോധ ജാഥയിൽ എല്ലായിടത്തും വൻ തിരക്കാണെന്നും സിപിഎമ്മിന് ആരെയും ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജാഥയിൽ പങ്കുചേരാൻ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എം.വി.ഗോവിന്ദൻ നയിക്കുന്ന ജാഥയിൽ പങ്കെടുക്കാൻ സിപിഎം പഞ്ചായത്ത് മെമ്പർ തൊഴിലുറപ്പ് തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സന്ദേശം പുറത്തുവന്നിരുന്നു. കണ്ണൂർ മയ്യിൽ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം സി.സുചിത്രയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ ഭീഷണി സന്ദേശം അയച്ചത്. 

ദുരിതാശ്വാസ നിധി തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വരെ തട്ടിപ്പ് നടത്തിയ കാര്യം പുറത്തു വരുന്നു. അടൂർ പ്രകാശിനും ഇതിൽ പങ്കുണ്ടെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. ജാഥയിൽ ഇ.പി.ജയരാജൻ പങ്കെടുക്കും. കാത്തിരിക്കൂ, മാർച്ച് 18 വരെ സമയമുണ്ട്. പാർട്ടി ഒരു നേതാക്കൾക്കും എതിരെ ഗൂഢാലോചന നടത്തില്ല. അത് അനുവദിക്കില്ല. ഇപി അങ്ങനെ പറഞ്ഞത് എന്താണെന്നു അറിയില്ല. 

പ്രളയ ദുരിതാശ്വാസത്തിനായി പ്രവാസികളിൽനിന്ന് സ്വരൂപിച്ച പണം അർഹരിൽ എത്തിയില്ലെന്നും ഇടതുപക്ഷത്തിന് വോട്ടു ചെയ്തതിൽ പശ്ചാത്തപിക്കുന്നുവെന്നും പ്രവാസി വ്യവസായിയായ കെ.ജി. ഏബ്രഹാം വിമർശിച്ചതിനെക്കും എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടെങ്കിൽ സർക്കാരും ആവശ്യമെങ്കിൽ പാർട്ടിയും ഇടപെടും. പ്രവാസി വ്യവസായികളുടെ നിക്ഷേപങ്ങൾക്ക് പൂർണ സുരക്ഷിതത്വം നൽകും. ഒന്നരലക്ഷം പുതിയ നിക്ഷേപങ്ങൾ വരുമെന്നും ഗോവിന്ദൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *