പെരുമാൾ മുരുകന്റെ ചെറുകഥ കൊടിത്തുണി സിനിമയാവുന്നു

രാജ്യത്തെ പ്രമുഖ തമിഴ് എഴുത്തുകാരനും, ചരിത്രകാരനും, കവിയുമായ പെരുമാൾ മുരുകന്റെ പ്രശസ്ത ചെറുകഥയായ കൊടിത്തുണി തമിഴിൽ സിനിമയാകുന്നു. നടനും ഗായകനുമായ ഫിറോസ് റഹീം, ഛായാഗ്രാഹകൻ അൻജോയ് സാമുവൽ എന്നിവർ ചേർന്ന്  എൻജോയ് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം വിപിൻ രാധാകൃഷ്ണനാണു സംവിധാനം ചെയ്യുന്നത്. പെരുമാൾ മുരുകന്റെ ‘കൊടിത്തുണി’ എന്ന ചെറുകഥയുടെ പുതിയ വ്യാഖ്യാനമായാണ് ചിത്രം ഒരുങ്ങുന്നത്.

നിർമാതാക്കളിൽ ഒരാളായ അൻജോയ് സാമുവൽ തന്നെയാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്. മാർച്ച് അവസാനത്തോടെ ഷൂട്ടിംഗ് തമിഴ്നാട്ടിൽ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.   അഭിനേതാക്കളുടെയും സാങ്കേതിക കലാകാരന്മാരുടെയും വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.

പെരുമാൾ മുരുകന്റെ ‘അർധനാരിശ്വരൻ’ എന്ന നോവൽ പെൻഗ്വിൻ ബുക്സ് ഇംഗ്ലീഷിൽ  ‘വൺ പാർട്ട് വുമൺ’ എന്ന പേരിൽ പുറത്തിറക്കിയിരുന്നു. ഇതിനെത്തുടർന്ന് തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലെ ചിലസംഘടനകൾ ഈ പുസ്തകത്തിനെതിരേ പ്രതിഷേധവുമായി രംഗത്തിറങ്ങി. പിന്നീട് തമിഴ്നാട്ടിലെ പല ഭാഗങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. പുസ്തകത്തിന്റെ പ്രതികൾ കത്തിക്കുകയും ചെയ്തു. രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട എഴുത്തുകാരാനാണ് പെരുമാൾ മുരുകൻ.

 

ഒടുവിൽ നോവലിലെ വിവാദ ഭാഗങ്ങൾ നീക്കം ചെയ്ത്  വിപണിയിലുള്ള കോപ്പികൾ പിൻവലിച്ചു. നാമക്കൽ ജില്ലയിൽ തിരുച്ചെങ്കോടു നിന്നുയർന്ന ഭീഷണികൾക്കുമുന്നിലാണ് പെരുമാൾ മുരുകൻ സാഹിത്യജീവിതം അവസാനിപ്പിച്ചത്. മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് പെരുമാൾ മുരുഗനെ എഴുത്തുജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *