ഉത്തരകൊറിയയിൽ മക്കള്‍ ഹോളിവുഡ് പടം കണ്ടാല്‍ മാതാപിതാക്കള്‍ ജയിലിലാകും; നിയമം കടുപ്പിച്ച് സർക്കാർ

കുട്ടികള്‍ ഹോളിവുഡ് ചലച്ചിത്രങ്ങളോ സീരിസുകളോ കണ്ടാല്‍ മാതാപിതാക്കളെ തടവിലിടുമെന്ന നിയമവുമായി ഉത്തര കൊറിയ. റേഡിയോ ഫ്രീ ഏഷ്യയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ ചട്ടം അനുസരിച്ച്, വിദേശ സിനിമകളോ വിദേശ ടിവി പരിപാടികളോ കാണുമ്പോൾ പിടിക്കപ്പെടുന്ന കുട്ടികളുടെ രക്ഷിതാക്കളെ ആറ് മാസത്തേക്ക് ലേബർ ക്യാമ്പുകളിലേക്കും കുട്ടികൾക്ക് അഞ്ച് വർഷം തടവും ലഭിക്കും.

കുട്ടികൾ വിദേശത്തുനിന്നുള്ള സിനിമകളോ മറ്റോ കണ്ടാല്‍ രക്ഷിതാക്കൾക്ക് ഗുരുതരമായ മുന്നറിയിപ്പ് നൽകുക എന്നതായിരുന്നു ഉത്തര കൊറിയയിലെ പഴയ നിയമം ഇതാണ് ഇപ്പോള്‍ മാറുന്നത്. ഹോളിവുഡ് സിനിമകളും മറ്റും കാണുന്നത് പാശ്ചാത്യ സംസ്‌കാരത്തിന് അടിമപ്പെടുന്നതിന് തുല്യമാണെന്നും അതിനാല്‍ അത് ചെയ്യുന്ന കുട്ടികളുള്ള മാതാപിതാക്കളോട് ഒരു ദയയും കാണിക്കേണ്ടതില്ലെന്നാണ് കിം ജോങ് ഉന്‍ നേതൃത്വം നല്‍കുന്ന ഉത്തര കൊറിയന്‍ ഭരണകൂടത്തിന്‍റെ തീരുമാനം. സോഷ്യലിസ്റ്റ് ആശയങ്ങള്‍ കുട്ടികളെ “ശരിയായി” പഠിപ്പിക്കാനാണ് മാതാപിതാക്കള്‍ തയ്യാറാകേണ്ടത് എന്നാണ് കിം ഭരണകൂടം പറയുന്നത്. 

ഒരോ ഉത്തര കൊറിയന്‍ പൌരനും സര്‍ക്കാര്‍ സംവിധാനത്തില്‍ വിളിക്കുന്ന ആഴ്ചയിലുള്ള അയല്‍വക്ക  യൂണിറ്റ് മീറ്റിംഗുകളിൽ പങ്കെടുക്കണം. ഇത്തരത്തില്‍ ഒരു യോഗത്തില്‍ പങ്കെടുത്ത ഒരു പേര് വെളിപ്പെടുത്താത്ത ഉത്തരകൊറിയന്‍ പൌരനാണ് റേഡിയോ ഫ്രീ ഏഷ്യയോട് പുതിയ നിയമം സംബന്ധിച്ച് പറഞ്ഞത്. ഈ യോഗങ്ങളില്‍ പുതിയ നിയമ പ്രകാരം മാതാപിതാക്കൾക്ക് കടുത്ത മുന്നറിയിപ്പുകൾ നൽകിയെന്നാണ് റിപ്പോര്‍ട്ട്.

“കുട്ടികളുടെ വിദ്യാഭ്യാസം വീട്ടിൽ നിന്നാണ് ആരംഭിക്കേണ്ടതെന്ന് യോഗത്തിന് എത്തിയ സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞു. മാതാപിതാക്കൾ തങ്ങളുടെ കുട്ടികളെ തിരുത്തിയില്ലെങ്കില്‍, അവർ മുതലാളിത്തത്തിന്‍റെ സ്തുതി പാഠകര്‍ ആകുകയും സോഷ്യലിസ്റ്റ് വിരുദ്ധരാകുകയും ചെയ്യും ” – സര്‍ക്കാര്‍ പ്രതിനിധി പറഞ്ഞതായി റേഡിയോ ഏഷ്യ റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം ഉത്തരകൊറിയയിലേക്ക് ഹോളിവുഡ് ചിത്രങ്ങളും മറ്റും എത്തിച്ചാല്‍ വധശിക്ഷയിലൂടെ പോലും ശിക്ഷിക്കപ്പെടാവുന്ന കുറ്റമാണ്. കഴിഞ്ഞ വർഷം, ദക്ഷിണ കൊറിയൻ, അമേരിക്കൻ സിനിമകൾ കണ്ടതിന് രണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു. നഗരത്തിലെ എയർഫീൽഡിൽ നാട്ടുകാർക്ക് മുന്നിൽ വെച്ചാണ് രണ്ട് കൗമാരക്കാരെ വധിച്ചത്. ഇത് പോലെ തന്നെ കെ-ഡ്രാമ എന്ന് അറിയിപ്പെടുന്ന ദക്ഷിണകൊറിയന്‍ സിനിമകളും സീരിസുകളും കാണുന്നതും വിതരണം ചെയ്യുന്നതും ഉത്തര കൊറിയയിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *