സ്വപ്നയുടെ പരാതിയിൽ വിജേഷ് പിള്ളയ്ക്കെതിരെ കേസ്; കര്‍ണാടക പൊലീസ് എഫ്ഐആ‍ര്‍ രജിസ്റ്റര്‍ ചെയ്തു

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കർണാടക പൊലീസ്. ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരെ കെ ആർ പുര പൊലീസ് സ്റ്റേഷനിൽ ആണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇവർ കണ്ടുമുട്ടിയ ഹോട്ടലിൽ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ ഭീഷണിപ്പെടുത്തി എന്നതാണ് എഫ്ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. 

കേസിൽ പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇപ്പോൾ നടത്തിയിരിക്കുന്നത്. സുറി ഹോട്ടലിൽ വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെടുന്നുണ്ട്. ഈ ഹോട്ടലിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാകും കേസ് മുന്നോട്ട് പോകുക എന്നാണ് വ്യക്തമാകുന്നത്. നേരത്തേ വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ വിജേഷിനൊപ്പം മറ്റൊരാൾ കൂടിയുണ്ടെന്നാണ് ഹോട്ടലുകാ‍ര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയ‍ര്‍ത്തി കഴിഞ്ഞ ദിവസം സ്വപ്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. 

വിജേഷ് പിള്ള ബെം​ഗളുരു കെ ആർ പുര സ്റ്റേഷനിൽ ഹാജരാകണം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകൾ നശിപ്പിച്ച് നാടുവിടണമെന്നാണ് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം.  എന്നാൽ ഈ ആരോപണം തള്ളിയ വിജേഷ് പിള്ള, താൻ ഒരു ഒടിടി സീരീസിന്റെ ആവശ്യങ്ങൾക്കായാണ് സ്വപ്നയെ കണ്ടതെന്നാണ് പ്രതികരിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *