‘ സോഷ്യൽ മീഡിയയിൽ മാത്രം ഇടത് പിന്തുണ, രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാട്’: സതീശൻ

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.

രാഹുലിനെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടക്കെതിരെ പോരാട്ടമാണ് ഐക്യജനാധിപത്യമുന്നണിയുടെ നേത‍ൃത്തിൽ നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായത്. പ്രകടനം നടത്തുന്നവരുടെ തലയടിച്ച് പൊട്ടിക്കാനാണ് നി‍ര്‍ദ്ദേശം നൽകിയിരിക്കുന്നത്.

നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഒരു വശത്ത് രാഹുൽ ഗാന്ധിക്ക് അനുകൂലമായ പ്രസ്താവന നൽകുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പാക്കാൻ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി. 

Leave a Reply

Your email address will not be published. Required fields are marked *