എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സാറാ തോമസിന്റെ സംസ്‌കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. 

ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ നോവൽ ‘ജീവിതം എന്ന നദി’ എന്നതാണ്. അവരുടെ 34-ാം വയസിലാണ് നോവൽ പുറത്തിറങ്ങിയത്. ഭർത്താവ് ഡോ. തോമസ് സക്കറിയയുടെ രോഗികളായി വീട്ടിൽ എത്തുന്നവരിൽനിന്നാണ് സാറയുടെ ജീവിതനിരീക്ഷണവും കഥാപാത്ര രൂപീകരണവും ആരംഭിച്ചത്. ദൈവമക്കൾ, മുറിപ്പാടുകൾ, വേലക്കാർ തുടങ്ങി വായനക്കാർ ഓർത്തുവയ്ക്കുന്ന കുറെ കൃതികൾ പിന്നീട് അവരുടേതായി ഉണ്ടായി. നാർമടിപ്പുടവയ്ക്കും സമഗ്ര സംഭാവനയ്ക്കുമായി രണ്ടുതവണ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. മുറിപ്പാടുകളും (മണിമുഴക്കം) അസ്തമയവും പവിഴമുത്തുമൊക്കെ ചലച്ചിത്രങ്ങളുമായി.

Leave a Reply

Your email address will not be published. Required fields are marked *