അനിലിന് ദിവസവും പ്രവര്‍ത്തകരുടെ നല്ല തെറിവിളി; ബിജെപി കറിവേപ്പിലയാക്കുമെന്ന് അജിത് ആന്റണി

അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ കളയുമെന്ന് സഹോദരൻ അജിത്ത് ആന്റണി. മുൻപ് കോൺഗ്രസിൽനിന്ന് പോയ നേതാക്കളുടെ അനുഭവം അതാണ്. തെറ്റ് തിരുത്തി അനിൽ തിരികെ വരുമെന്നാണ് പ്രതീക്ഷയെന്ന് അജിത് പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരുടെ തെറിവിളി അനിലിനെ ചൊടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗുണം ഉണ്ടാകുമെന്ന് കരുതിയാണ് അനിൽ ബിജെപിയിൽ ചേർന്നത്. എന്നാൽ ഞാൻ ആവർത്തിക്കുകയാണ്, അനിലിനെ അവർ കറിവേപ്പില പോലെ വലിച്ചെറിയും. ഇവിടെനിന്നും പോയ ടോം വടക്കൻ, അൽഫോൻസ് കണ്ണന്താനം എന്നിവരെല്ലാം ഇതേ പ്രതീക്ഷയോടെയാണ് ബിജെപിയിലേക്ക് പോയത്. താൽക്കാലികമായി അവരെ ഉപയോഗിച്ച ശേഷം ബിജെപി ഉപേക്ഷിക്കും. അനിലിന്റേത് തെറ്റായ തീരുമാനമാണ്. പെട്ടെന്ന് എടുത്ത തീരുമാനമായാണ് ഞാൻ ഇതിനെ കാണുന്നത്. കോൺഗ്രസിൽ നിന്ന് ഒരുപാട് വേദനകൾ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ പാർട്ടിക്കെതിരെ സംസാരിച്ചത് വളരെ മോശമായിപ്പോയി. അനിലിന്റെ ബിജെപി പ്രവേശനം എ.കെ. ആന്റണിയെ അതീവ ദുഃഖിതനാക്കിയെന്നും അജിത് വ്യക്തമാക്കി.

‘എഐസിസി തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ പിന്തുണച്ച് സംസാരിച്ചതുമുതൽ അനിലിന് പലഭാഗത്തുനിന്നും മോശപ്പെട്ട സന്ദേശങ്ങൾ ലഭിച്ചു. ബിബിസി വിഷയത്തിൽ സംസാരിച്ചതിനുശേഷം വൃത്തികെട്ട രീതിയിലുള്ള സന്ദേശങ്ങൾ വന്നു. അതൊക്കെയാകാം ഇങ്ങനെയൊരു തീരുമാനത്തിനു പിന്നിലെന്ന് വിശ്വസിക്കുന്നു. മോദിയാണ് ഇനിയുള്ള പ്രതീക്ഷയെന്നത് അനിലിന്റെ വിശ്വാസമാണ്. പക്ഷേ ഭാരത് ജോഡോയ്ക്ക് ശേഷം ജനങ്ങൾ ആ ചിന്താഗതിയിൽനിന്ന് മാറിയിട്ടുണ്ട്. രാഹുൽഗാന്ധിക്ക് ഒരുവസരം നൽകാമെന്ന് ജനങ്ങൾ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്.’– അജിത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *