ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത ആര്‍ക്കും ചോദ്യം ചെയ്യാനാകില്ല; ഒരിഞ്ച് ഭൂമി ആര്‍ക്കും കൈവശപ്പെടുത്താന്‍ കഴിയില്ലെന്ന് അമിത്ഷാ

ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ അഖണ്ഡത ആര്‍ക്കും ചോദ്യം ചെയ്യാനാകില്ലെന്ന് ചൈനയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മറുപടി. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആര്‍ക്കും കൈവശപ്പെടുത്താന്‍ കഴിയില്ലെന്ന് അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനിടെ അമിത് ഷാ മുന്നറിയിപ്പ് നല്‍കി. അമിത് ഷായുടെ അരുണാചല്‍ സന്ദര്‍ശനത്തെ ചൈന എതിര്‍ത്തിരുന്നു. 

അരുണാചല്‍പ്രദേശില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന സന്ദര്‍ശനം ബെയ്ജിങ്ങിന്‍റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതാണെന്നായിരുന്നു ചൈനയുടെ നിലപാട്. സ്വന്തമാണെന്ന് അവകാശപ്പെട്ട് ചൈന പേര് മാറ്റിയ അരുണാചല്‍പ്രദേശിലെ കിബിത്തൂവില്‍വച്ച് തന്നെ അമിത് ഷാ ചൈനയ്ക്ക് മറുപടി നല്‍കി. 

ഇന്ത്യയുടെ നേരെ ഒരു ശക്തിക്കും ദുഷ്ടദൃഷ്ടിയോടെ നോക്കാന്‍ ഇന്ന് കഴിയില്ല. സൂചി മുനയുടെ അത്രപോലും ഇടം ആര്‍ക്കും കൈവശപ്പെടുത്താനും കഴിയില്ല. 2014ന് മുന്‍ വടക്കുകിഴക്കന്‍ േമഖല സംഘര്‍ഷബാധിത പ്രദേശമായിരുന്നു. എന്നാല്‍ മോദി ഭരണത്തിന് കീഴില്‍ വികസനം യാഥാര്‍ഥ്യമായി. സൈന്യത്തിന്‍റെ പ്രത്യേക അധികാര നിയമം പൂര്‍ണമായും എടുത്തുമാറ്റുന്ന സാഹചര്യമുണ്ടാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

Leave a Reply

Your email address will not be published. Required fields are marked *