ബോക്സോഫീസ് തകർക്കാൻ മോഹൻലാൽ; ആവേശം തീർത്ത് ‘മലൈകോട്ടൈ വാലിബൻ’ ഫസ്റ്റ്ലുക്ക്

ആരാധകരിൽ ആവേശം തീർത്ത് ‘മലൈകോട്ടൈ വാലിബൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ. ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കോമ്പോയിൽ എത്തുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. യോദ്ധാവിൻറെ ലുക്കിൽ കൈകളിൽ വടവുമായി മുട്ടുകുത്തി അലറി വിളിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്കിൽ മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു ഗുസ്തക്കാരനെയോ യോദ്ധാവിനെയോ ഒക്കെ ഫസ്റ്റ് ലുക്ക് ധ്വനിപ്പിക്കുന്നുണ്ട്. ‘ഇപ്പോൾ, കാത്തിരിപ്പിന് ഒരു മുഖമുണ്ട്! മലയ്‌ക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് നിങ്ങൾക്ക് സമർപ്പിക്കുന്നു! ഈ സിനിമയ്ക്ക് ജീവൻ നൽകാനുള്ള ഞങ്ങളുടെ യാത്രയിൽ ഞങ്ങളെ പ്രോത്സാഹിപ്പിക്കുക’, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് മോഹൻലാൽ കുറിച്ചത്.

മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വർമ്മ, മണികണ്ഠൻ ആചാരി, സുചിത്ര നായർ, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരൊക്കെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷിബു ബേബി ജോണും ലിജോയും മോഹൻലാലും ചേർന്നാണ് മലൈകോട്ടൈ വാലിബൻ നിർമ്മിക്കുന്നത്. രാജസ്ഥാനിൽ 77 ദിവസമാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ഏപ്രിൽ 5ന് ഷൂട്ടിംഗ് പൂർത്തിയായ വിവരം ലിജോ ജോസ് പെല്ലിശേരി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഒരുപാട് ബുദ്ധിമുട്ടുള്ള സീക്വൻസുകൾ വരെ സിനിമയിൽ ഉണ്ടായിരുന്നു എന്ന് സംവിധായകൻ തുറന്നു പറയുകയും ചെയ്തിരുന്നു. ചിത്രത്തിൽ ദ ഗ്രേറ്റ് ഗാമ എന്ന് അറിയപ്പെടുന്ന ഗുസ്തിക്കാരനായാണ് മോഹൻലാൽ എത്തുക എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തിയപ്പോൾ മുതൽ ഇക്കാര്യം ചർച്ചയായിരുന്നു. ‘ആർക്കും തോൽപ്പിക്കാൻ കഴിയാത്ത ഫയൽവാൻ’ എന്നറിയപ്പെട്ടിരുന്ന ഗുസ്തിക്കാരനാണ് ഗ്രേറ്റ് ഗാമ എന്നറിയപ്പെടുന്ന ഗാമ ഫയൽവാൻ-ഗുലാം മുഹമ്മദ്.

Leave a Reply

Your email address will not be published. Required fields are marked *