അരിക്കൊമ്പൻ: സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

 അരിക്കൊമ്പന്‍ ദൗത്യ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടുക്കി ചിന്നക്കനാലില്‍ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മാറ്റാനുള്ള ഹൈക്കോടതി വിധിക്കെതിരായ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് അടിയന്തരമായി കേൾക്കുകയും ഹർജി തള്ളുകയും ചെയ്തത്. വിദഗ്ധസമിതിയുടെ റിപ്പോർട്ട് യുക്തിസഹമാണെന്നും ഇടപെടില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ നിയന്ത്രിക്കാന്‍ അധികാരമുണ്ടെന്നു ഹർജിയിൽ കേരളം ചൂണ്ടിക്കാട്ടിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് അധികാരമെന്നും ഹര്‍ജിയിലുണ്ട്.

അരിക്കൊമ്പനെ പാർപ്പിക്കാൻ പറമ്പിക്കുളത്തിനു പകരം യോജിച്ച സ്ഥലം സംസ്ഥാന സർക്കാർ കണ്ടെത്തണ‍മെന്നുള്ള ഹൈക്കോടതി ഉത്തരവിലെ പരാമർശത്തിനെതിരെയാണു സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. അരിക്കൊമ്പനെ കോടനാട് ആനപരിശീലന കേന്ദ്രത്തിലേക്കു മാറ്റണമെന്ന നിലപാട് കേരളം സുപ്രീം കോടതിയിലും ആവർത്തിച്ചു.

കാട്ടാനയെ പിടികൂടി കൂട്ടിലട‍യ്ക്കുന്ന കാര്യത്തിൽ സർക്കാരിന് ഏകപക്ഷീയമായി തീരുമാനമെടുക്കാ‍നാകില്ലെന്നാണു ഹൈക്കോടതി ഉത്തരവ്. പകരം സ്ഥലം കണ്ടെത്താൻ 5 ദിവസത്തെ കാലാവധിയും ഹൈക്കോടതി നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *