ദേശീയ പാർട്ടി പദവി; അമിത് ഷായെ വിളിച്ചെന്ന് ആരോപണം; തെളിയിച്ചാൽ രാജിവെക്കുമെന്ന് മമത

തൃണമൂൽ കോൺഗ്രസിന് ദേശീയ പാർട്ടിയെന്ന പദവി നഷ്ടമായതിനു പിന്നാലെ സഹായം തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഫോണിൽ വിളിച്ചുവെന്ന ആരോപണത്തിനു മറുപടിയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇത്തരത്തിലുള്ള പ്രചരണം തന്നെ ഞെട്ടിച്ചതായി മമത പ്രതികരിച്ചു. ഈ ആരോപണം ശരിയാണെന്ന് തെളിയിച്ചാൽ രാജിവയ്ക്കാൻ തയാറാണെന്നും മമത വ്യക്തമാക്കി. മുൻ തൃണമൂൽ കോൺഗ്രസ് നേതാവും നിലവിൽ ബംഗാളിലെ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയാണ് ആരോപണം ഉന്നയിച്ചത്.

ദേശീയ പാർട്ടി പദവി നഷ്ടമായെങ്കിലും, തന്റെ പാർട്ടിയുടെ പേര് ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്നു തന്നെയായിരിക്കുമെന്നും മമത വ്യക്തമാക്കി. ‘എന്റെ പാർട്ടിയുടെ പേര് ‘ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്’ എന്നു തന്നെയായിരിക്കും. ഇതിൽ ബിജെപിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവർക്ക് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാം. ഞങ്ങൾ ജനങ്ങളുടെ അടുത്തേക്കും പോകും’ മമത പറഞ്ഞു.

”ചില സമയങ്ങളിൽ നിശബ്ദത വിലപ്പെട്ടതാണ്. പ്രതിപക്ഷത്തിന് ഒത്തൊരുമയില്ലെന്ന് കരുതരുത്. ഞങ്ങൾ എല്ലാവരും ഇവിടെയുണ്ട്, പരസ്പരം ബന്ധം പുലർത്തുന്നുണ്ട്. എല്ലാവരും ഒന്നിക്കുമ്പോൾ അതൊരു ചുഴലിക്കാറ്റായിരിക്കും’ മമത ബിജെപിക്ക് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *