യുഎസിലെ ഗ്യാസ് സ്റ്റേഷനിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; പ്രതിയുടെ ഫോട്ടോ പുറത്ത്

യുഎസിലെ ഗ്യാസ് സ്റ്റേഷനിൽ ആന്ധ്രാപ്രദേശ് സ്വദേശിയായ വിദ്യാർഥി വെടിയേറ്റു മരിച്ചു. സായിഷ് വീര (24)യാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കൊളംബസ് ഡിവിഷനിലാണ് സംഭവം. മാസ്റ്റേഴ്‌സ് ഡിഗ്രി ചെയ്യുന്ന സയേഷ് ഗ്യാസ് സ്റ്റേഷനിൽ പാർട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 12.50നാണ് വെടിവെപ്പുണ്ടായത്. കൊളംബസ് ഫയർ സർവീസ് ഉദ്യോഗസ്ഥർ എത്തി സയേഷിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും 1.27ഓടെ സയേഷ് മരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പ്രതിയുടെ ഫോട്ടോയും കൊളംബസ് ഡിവിഷൻ പൊലീസ് പങ്കുവച്ചിട്ടുണ്ട്.

കോഴ്‌സ് തീരാൻ 10 ദിവസം ബാക്കിയുള്ളപ്പോഴാണ് വെടിവെപ്പിൽ സയേഷിന് ജീവൻ നഷ്ടപ്പെട്ടത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഗ്യാസ് സ്റ്റേഷനിലെ ക്ലാർക്ക് ജോലി ഉപേക്ഷിക്കാൻ പോവുകയായിരുന്നുവെന്ന് വീരയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുന്നതിനുള്ള ഓൺലൈൻ ഫണ്ട് റൈസർ പ്രോഗ്രാമിന് മേൽനോട്ടം വഹിക്കുന്ന രോഹിത് യലമഞ്ചിലി പറഞ്ഞു.

രണ്ടു വർഷം മുൻപ് പിതാവ് നഷ്ടപ്പെട്ട സയേഷ് കുടുംബത്തെ സഹായിക്കാനാണ് ഒരുപാട് ആഗ്രഹങ്ങളുമായി അമേരിക്കയിലേക്ക് പറന്നത്. ഏത് ജോലിയും ചെയ്യാൻ മടിയില്ലാത്ത സയേഷ് മികച്ചൊരു ക്രിക്കറ്റ് താരം കൂടിയായിരുന്നു. സയേഷിൻറെ കുടുംബത്തിന് അദ്ദേഹത്തിൻറെ വിയോഗം താങ്ങാൻ സാധിക്കട്ടയെന്നും ദൈവം സമാധാനം നൽകട്ടയെന്നും യലമഞ്ചിലി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *