ടെക്‌സ്റ്റൈല്‍ ബിസിനസ് രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യമാണ് ബീനാ കണ്ണന്‍. മലയാളി സ്ത്രീകളുടെ സ്വപ്‌നങ്ങളിലെ വസ്ത്രങ്ങള്‍ക്ക് അഴകും വര്‍ണങ്ങളും നല്‍കി സാക്ഷാത്കരിച്ച ശീമാട്ടി എന്ന വസ്ത്ര വ്യാപാരശൃംഖലയുടെ അമരക്കാരി. ലോകത്തിലെ ഏറ്റവും നീളം കൂടിയ പട്ടുസാരി നെയ്ത് ഗിന്നസ് റിക്കോര്‍ഡ് കരസ്ഥമാക്കിയ ഡിസൈനര്‍ കൂടിയാണ് ബീന. നേരത്തെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ ബിസിനസ് ജീവിതത്തെക്കുറിച്ചു തുറന്നുപറയുന്നുണ്ട് ബീനാ കണ്ണന്‍.
വിവാഹം കഴിയുന്നതിനു മുമ്പുതന്നെ ബിസിനസ് രംഗത്തേക്കു വന്നിരുന്നുവെന്ന് ബീനാ കണ്ണന്‍. ഡിഗ്രി പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ അച്ഛനോടൊപ്പം ശീമാട്ടിയില്‍ എത്തി. ശീമാട്ടിയുടെ എല്ലാ കാര്യങ്ങളിലും അച്ഛനെ സഹായിച്ചിരുന്നു. വിവാഹശേഷവും ബിസിനസ് വിട്ടില്ല. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണ എനിക്കുണ്ടായിരുന്നു. ഷോപ്പില്‍ നിന്നിറങ്ങിയാല്‍ കുടുംബകാര്യങ്ങളില്‍ ശ്രദ്ധിക്കും. മക്കളുടെ പഠനകാര്യങ്ങള്‍, അവരുടെ മറ്റ് ആക്റ്റിവിറ്റീസുകള്‍ തുടങ്ങിയവയ്‌ക്കൊക്കെ സമയം കണ്ടെത്തും.
വസ്ത്രവ്യാപാരം എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും സന്തോഷകരമായ ബിസിനസ് ആണ്. ബിസിനസ് എന്നതിലുപരി ആളുകളുടെ സന്തോഷത്തിലും നമുക്കു പങ്കുചേരാം. വിവാഹം, എന്‍ഗേയ്ജ്‌മെന്റ്, വിവാഹവാര്‍ഷികം, ബെര്‍ത്ത്‌ഡേ, മാമോദീസ… അങ്ങനെ ആളുകളുടെ സന്തോഷ നിമിഷങ്ങളില്‍ നമ്മളും കൂട്ടുചേരുന്നു. അച്ഛനും അമ്മയും എല്ലാ ഉയര്‍ച്ചകള്‍ക്കും പിന്നിലുണ്ട്. ബിസിനസിന്റെ വലിയ സാധ്യതകള്‍ എനിക്കു മുന്നില്‍ തുറന്നിട്ടത് അച്ഛനാണ്. ഓരോ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞുതരുമായിരുന്നു. അതെല്ലാം കനമുള്ള ജീവിതപാഠങ്ങള്‍ കൂടിയാണെന്നും ബീന പറഞ്ഞു.