എൻ.സി.ഇ.ആർ.ടി. സിലബസ് പരിഷ്‌കരണത്തിന്റെ ഭാഗമായി പത്താംക്ലാസിലെ സയൻസ് പാഠപുസ്തകത്തിൽ നിന്ന് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ശാസ്ത്രലോകം.
ഡാർവിൻ സിദ്ധാന്തം നീക്കം ചെയ്തതിൽ ആശങ്കയും അതൃപ്തിയും അറിയിച്ച് ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി(ബി.എസ്.എസ്)യുടെ നേതൃത്വത്തിൽ രാജ്യത്തെ ശാസ്ത്രജ്ഞർ, അധ്യാപകർ, ശാസ്ത്രാധ്യാപകർ തുടങ്ങി 1800-ഓളം പേർ ചേർന്ന് സർക്കാരിന് തുറന്ന കത്തെഴുതി. ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നത് തുടരണമെന്നും കത്തിലൂടെ ശാസ്ത്രലോകം ആവശ്യപ്പെട്ടു
കോവിഡ് കാലത്ത് സിലബസ് കുറയ്ക്കുന്നതിന്റെ ഭാഗമായി പത്താം ക്ലാസ് സയൻസ് പാഠപുസ്തകത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന ഡാർവിൻ സിദ്ധാന്തം താത്കാലികമായി നീക്കം ചെയ്തിരുന്നു. എന്നാൽ ‘കണ്ടന്റ് റേഷണലൈസേഷന്റെ’ ഭാഗമായി ഇപ്പോഴിത് പൂർണമായി നീക്കം ചെയ്തിരിക്കുകയാണെന്നും ബി.എസ്.എസ്. പറയുന്നു
ശാസ്ത്രത്തിലെ ഇത്തരം പ്രധാന കണ്ടെത്തലുകളും സിദ്ധാന്തങ്ങളും പാഠപുസ്തകങ്ങളിൽനിന്ന് ഒഴിവാക്കപ്പെടുന്നത് വിദ്യാർഥികളുടെ ചിന്താപ്രക്രിയകൾക്ക് ഗുരുതര വൈകല്യങ്ങളുണ്ടാക്കുമെന്നും ശാസ്ത്രലോകം പറയുന്നു. ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ ലോകവീക്ഷണവും കെട്ടിപ്പടുക്കുന്നതിൽ പരിണാമ സിദ്ധാന്തത്തിനുള്ള പങ്ക് നിർണായകമാണ്.അതുകൊണ്ട് തന്നെ 9, 10 ക്ലാസുകളിലെ ശാസ്ത്ര പുസ്തകങ്ങളിൽ മതിയായ പ്രാധാന്യത്തോടെ ഇത് പഠിപ്പിക്കണമെന്നും ശാസ്ത്രകാരന്മാർ ആവശ്യപ്പെട്ടു.