സന്ദർശക വിസയിലെത്തുന്നവർക്ക് ഗ്രേസ് പീരിയഡിൻറെ ആനുകൂല്യം ലഭിക്കണമെങ്കിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യണം. ഷാർജ, അബൂദബി ഉൾപ്പടെയുള്ള മറ്റു വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്നവർക്ക് ഗ്രേസ് പീരിയഡിൻറെ ആനുകൂല്യം ലഭിക്കില്ലെന്നു മാത്രമല്ല, അധിക ദിവസം യു.എ.ഇയിൽ തങ്ങിയതിന് പിഴ അടക്കേണ്ടിവരുകയും ചെയ്യും. ഇക്കാര്യം അറിയാത്ത നിരവധി പ്രവാസികളാണ് മറ്റു വിമാനത്താവളങ്ങളിലെത്തി പിഴ അടക്കേണ്ടിവരുന്നത്. ദുബൈയുടെ സന്ദർശക വിസയെടുക്കുന്നവർക്കു മാത്രമാണ് ഗ്രേസ് പീരിയഡിൻറെ ആനുകൂല്യം ലഭിക്കുന്നത്. 30, 60 ദിവസ വിസക്കാർക്ക് ഗ്രേസ് പീരിയഡ് ആനുകൂല്യം വഴി 10 ദിവസം കൂടി രാജ്യത്ത് തങ്ങാൻ കഴിയും.
എന്നാൽ, ഈ വിസക്കാർ വിമാനം ഇറങ്ങുന്നതും തിരികെ പോകുന്നതും ദുബൈ വിമാനത്താവളം വഴി തന്നെയായിരിക്കണം. മറ്റു വിമാനത്താവളങ്ങളിൽ വന്നിറങ്ങിയശേഷം ദുബൈ വഴി തിരിച്ചുപോയാലും ഗ്രേസ് പീരിയഡ് ആനുകൂല്യം ലഭിക്കില്ല. വിസ കാലാവധി കഴിഞ്ഞശേഷം നിൽക്കുന്ന ഓരോ ദിവസത്തിനും പിഴ അടക്കേണ്ടിവരും. ഒരു ദിവസം അധികം തങ്ങിയാൽ 300 ദിർഹമും തുടർന്നുള്ള ഓരോ ദിവസങ്ങളിലും 50 ദിർഹം വീതവും പിഴയടക്കണം. മാത്രമല്ല, യാത്രക്കാരനെ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യും. പലരും വിമാനത്താവളത്തിൽ എത്തുമ്പോഴാണ് പിഴയുള്ള വിവരം അറിയുന്നത്. ആരോടെങ്കിലും കടം വാങ്ങി പിഴയടച്ചശേഷം യാത്ര തുടരുന്നതാണ് പതിവ്. 10 ദിവസം അധികം തങ്ങുന്നവർക്ക് ഏകദേശം 700 ദിർഹമിൻറെ മുകളിൽ അടക്കേണ്ടി വരും. ഗ്രേസ് പീരിയഡിനെ കുറിച്ച് അറിവില്ലാത്തതിനാൽ നിരവധി യാത്രക്കാർ ഇത്തരത്തിൽ വിമാനത്താവളത്തിൽ കുടുങ്ങുന്നതായി സ്മാർട് ട്രാവൽ എം.ഡി അഫി അഹ്മദ് പറഞ്ഞു. ദുബൈയിലെ സന്ദർശക വിസക്കാർ ദുബൈ വിമാനത്താവളം വഴി തന്നെ യാത്ര ചെയ്യാൻ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ഗ്രേസ് പീരിയഡിന് മുമ്പേ രാജ്യം വിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവ അറിഞ്ഞിരിക്കാം
- സന്ദർശക വിസക്കാർക്കുള്ള ഗ്രേസ് പീരിയഡ് ദുബൈയിലെ വിസക്കാർക്ക് മാത്രം
- വിസ കാലാവധി കഴിഞ്ഞ് 10 ദിവസമാണ് ഗ്രേസ് പീരിയഡ്
- ആഗമനവും തിരിച്ചുപോക്കും ദുബൈ വിമാനത്താവളം വഴിയാകണം
- ഷാർജ, അബൂദബി വിമാനത്താവളത്തിൽ എത്തിയശേഷം ദുബൈ വഴി മടങ്ങിയാലും ഗ്രേസ് പീരിയഡ് ആനുകൂല്യം ലഭിക്കില്ല
- ദുബൈ വിമാനത്താവളത്തിലെത്തി ഷാർജ, അബൂദബി വഴി മടങ്ങിയാലും ആനുകൂല്യം ലഭിക്കില്ല
- വിസ സ്റ്റാറ്റസിൽ ഗ്രേസ് പീരിയഡ് കാണിക്കുന്നുണ്ടെങ്കിലും മേൽപറഞ്ഞ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ല
- ആദ്യ ദിവസം 300 ദിർഹമും പിന്നീട് ഓരോ ദിവസവും 50 ദിർഹം വീതവും പിഴ