എഐ കാമറ അഴിതിയിൽ കരാർ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എസ് ആർ ഐ ടി ലൈറ്റ് മാസ്റ്റർ നൽകിയ പർച്ചേസ് ഓർഡർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇതുപ്രകാരം 75.32 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. സേഫ് കേരള പദ്ധതി പകൽക്കൊള്ളയെന്നും മന്ത്രിസഭയുടെ അനുഗ്രഹത്തോടെയാണ് ഇത് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊള്ളയെ വെള്ള പൂശാനാണ് വ്യവസായ മന്ത്രി പി രാജീവ് ശ്രമിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഏപ്രിൽ പന്ത്രണ്ടിന് ഇറങ്ങിയ ഉത്തരവ് വിചിത്രമാണെന്നും അദ്ദേഹം ആരോപിച്ചു. നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും മന്ത്രിസഭ എങ്ങനെയാണ് അനുമതി നൽകിയതെന്നും ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.അന്വേഷണ പ്രഖ്യാപനം ചവറ്റുകൊട്ടയിലേക്ക് എറിയാനാകില്ല. ഏതെങ്കിലുമൊരു ബലിയാടിനെ കണ്ടെത്തി തേച്ചുമാച്ചുകളായാനായിരിക്കും ഇനി സർക്കാരിന്റെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു. പദ്ധതി പാവങ്ങളെ ഞെക്കിപിഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘83.6 കോടി രൂപ മാത്രമാണ് എ ഐ പദ്ധതിക്ക് ആകെ ചെലവാകുന്നത്. എങ്കിൽ പാവപ്പെട്ടവന്റെ 232 കോടി രൂപ ആരുടെ കൈയിലേക്ക് പോകുന്നു. ആരാണ് എസ് ആർ ഐ ടിയുടെ പിന്നിലുള്ളതെന്ന് പരിശോധിക്കണം. ഇതിൽ ട്രോയ്‌സ് കമ്പനിയുടെ ഡയറക്ടർ ജിതേഷിന്റെ റോളെന്താണ്. ജിതേഷിന് ശിവശങ്കറിന് ഉണ്ടായിരുന്നതിനേക്കാൾ സ്വാധീനമുണ്ട്.കരാരിലെ സുതാര്യത ബോദ്ധ്യമാകാത്തതിനെ തുടർന്നാണ് അൽഹിന്ദ് പിന്മാറിയത്. എന്നാൽ അൽഹിന്ദിൽ നിന്ന് മൂന്ന് കോടി രൂപയാണ് കെൽട്രോൺ കൈപ്പറ്റിയത്. പ്രസാഡിയോ എന്ന കമ്പനി ആരുടേതാണ്?രാംജിത്ത് ആരാണ്.’- ചെന്നിത്തല ചോദിച്ചു.