ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൻ്റെ റിസർവ് നിരയിലും സൂര്യകുമാർ യാദവിന് ഇടമില്ല. അഞ്ച് റിസർവ് താരങ്ങളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഈ വർഷം ജൂണിലാണ് ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ.
മുംബൈ ബാറ്റർ സർഫറാസ് ഖാൻ, മഹാരാഷ്ട്ര താരം ഋതുരാജ് ഗെയ്ക്വാദ്, ഝാർഖണ്ഡ് വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ, ബംഗാൾ പേസർ മുകേഷ് കുമാർ, ഡൽഹി പേസർ നവ്ദീപ് സെയ്നി എന്നിവരെയാണ് സ്റ്റാൻഡ് ബൈ താരങ്ങളായി ബിസിസിഐ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമാണ് ബിസിസിഐ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശർമയാണ് നായകൻ. മുൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ടീമിലേക്ക് തിരികെയെത്തി. പരുക്കേറ്റ ശ്രേയാസ് അയ്യരിന് ഇടം ലഭിച്ചില്ല. കെഎൽ രാഹുൽ തുടരും. പേസർ ജയദേവ് ഉനദ്കട്ട് ടീമിൽ ഇടം പിടിച്ചു. ഋഷഭ് പന്തിൻ്റെ അഭാവത്തിൽ കെഎസ് ഭരത് ടീമിൻ്റെ വിക്കറ്റ് കീപ്പറായി തുടരും.