ഷെയ്ന്റെ 2 കത്തുകൾ പുറത്ത്; വിവാദം

നടൻമാരായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി ചലച്ചിത്ര സംഘടനകൾ നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കെ പുതിയ വിവാദമായി ഷെയ്ൻ നിഗമിന്റെ 2 കത്തുകൾ പുറത്ത്. നിർമാതാവ് സോഫിയ പോളിനു ഷെയ്ൻ അയച്ച ഇ മെയിൽ സന്ദേശവും തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച് അദ്ദേഹം താര സംഘടനയായ അമ്മയ്ക്കു അയച്ച കത്തുമാണു പുറത്തായത്. 

ആർഡിഎക്സ് എന്ന സിനിമയിൽ പ്രധാന കഥാപാത്രമാണെന്നു പറഞ്ഞിട്ടും മതിയായ പ്രാധാന്യം ലഭിക്കുന്നില്ലെന്നും മാർക്കറ്റിങ്, പ്രമോഷൻ പരിപാടികളിൽ മുന്തിയ പ്രാധാന്യം നൽകണമെന്നുമാണു നിർമാതാവായ സോഫിയ പോളിന് അയച്ച കത്തിൽ ഷെയ്ൻ ആവശ്യപ്പെടുന്നത്. ഈ കത്തിന്റെ അടിസ്ഥാനത്തിൽ ലഭിച്ച പരാതിയിലാണു നിർമാതാക്കളുടെ സംഘടന ഷെയ്നുമായി സഹകരിക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. 

ഷെയ്ൻ തുടർച്ചയായി പ്രശ്നങ്ങളുണ്ടാക്കുന്നു എന്നും അതുമൂലം നാണക്കേടും ധനനഷ്ടവും വന്നു എന്നുമാണു നിർമാതാവിന്റെ പരാതിയിൽ ആരോപിച്ചിരുന്നത്. തുടർന്നാണ് തനിക്കെതിരെ ഉയർന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നു വാദിച്ച് ‘അമ്മ’യ്ക്കു ഷെയ്ൻ കത്തയച്ചത്. സോഫിയ പോളിന്റെ സെറ്റിലെ കാരവൻ വൃത്തിഹീനമായിരുന്നു എന്നും ചെവിയിൽ പാറ്റ കയറി രക്തസ്രാവം ഉണ്ടായെന്നും അമ്മയ്ക്ക് അയച്ച കത്തിൽ ഷെയ്ൻ പറയുന്നു. 

ഷെയ്ൻ സോഫിയ പോളിന് അയച്ച കത്തിലെ പ്രസക്ത ഭാഗങ്ങൾ: ”ആർഡിഎക്സിലെ പ്രധാന കഥാപാത്രം ‍ഞാൻ അവതരിപ്പിക്കുന്ന റോബർട്ട് ആണെന്നാണു കരാർ ഒപ്പിട്ട സമയത്തു പറഞ്ഞിരുന്നത്. എന്നാൽ, ചിത്രീകരണ വേളയിൽ എന്റെ കഥാപാത്രത്തിനു മതിയായ പ്രാധാന്യം ലഭിക്കുന്നില്ല. ഇക്കാര്യത്തിൽ എനിക്ക് ആശങ്കകളുണ്ട്. അവ എന്റെ വ്യക്തിജീവിതത്തെയും തൊഴിൽ ജീവിതത്തെയും ദോഷകരമായി ബാധിച്ചേക്കാം എന്നതിനാൽ വ്യക്തത വരുത്തുന്നതു നന്നായിരിക്കും. സിനിമയുടെ ട്രെയ്‌ലറും പോസ്റ്ററും റിലീസ് ചെയ്യുമ്പോൾ ഞാൻ അവതരിപ്പിക്കുന്ന കഥാപാത്രമാണു നായകനെന്നു കാണികൾക്കു തോന്നുന്ന രീതിയിൽ അവതരിപ്പിക്കണം. അതേ പ്രാധാന്യം സിനിമയുടെ ഫൈനൽ കട്ട് വരെ നൽകണം.” 

 അതേസമയം, ആരോപണങ്ങൾ നിഷേധിച്ചും സോഫിയ പോളിന്റെ സെറ്റിൽ പ്രയാസങ്ങൾ നേരിടേണ്ടി വന്നുവെന്നു കുറ്റപ്പെടുത്തിയുമാണ് അദ്ദേഹം ‘അമ്മ’യ്ക്കു കത്തു നൽകിയത്. കത്തിൽ നിന്ന്: ആർഡിഎക്സ് തിരക്കഥ വായിച്ചപ്പോൾ തന്നെ ‘ഷെയറിങ്’ സിനിമ താൽപര്യമില്ലാത്തതിനാൽ അഭിനയിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഷെയ്നെ കണ്ടാണു കഥയെഴുതിയതെന്നും റോബർട്ടാണു മുഖ്യ കഥാപാത്രമെന്നും സംവിധായകനും നിർമാതാവും ഉറപ്പു നൽകിയതിനാലാണ് അഭിനയിക്കാൻ തയാറായത്. എന്നാൽ, ചിത്രീകരണം തുടങ്ങിയശേഷം അക്കാര്യത്തിൽ സംശയമുണ്ടായി. ചോദിച്ചപ്പോൾ ചിത്രീകരിച്ച ഭാഗത്തിന്റെ എഡിറ്റ് കാണാമെന്നു സംവിധായകനാണു പറഞ്ഞത്. 

കൂടുതൽ പണം ചോദിച്ചെന്ന ആരോപണവും തെറ്റാണ്. ആർഡിഎക്സ് വൈകിയപ്പോൾ ഞാൻ അഭിനയിക്കേണ്ട മറ്റൊരു ചിത്രവും നീണ്ടുപോയി. മുൻകൂറായി വാങ്ങിയ പണം തിരിച്ചു നൽകേണ്ടിവന്നു. അതിനാലാണു ആർഡിഎക്സിന്റെ നിർമാതാവിനോട് എന്റെ അമ്മ കൂടുതൽ പണം ആവശ്യപ്പെട്ടത്. എന്നാൽ, അവഹേളിക്കുകയാണ് ഉണ്ടായത്. എനിക്കു മൈഗ്രെയ്ൻ ഉണ്ടായ ദിവസം ഷൂട്ടിങ്ങിനെത്താൻ അൽപം വൈകുമെന്ന് അറിയിച്ചു. എന്നാൽ, നിർമാതാവിന്റെ ഭർത്താവ് എന്റെ അമ്മയോടു ബഹുമാനമില്ലാതെ സംസാരിക്കുകയും മൈഗ്രെയ്ൻ ഉണ്ടെന്നു പറയുന്നതു നുണയാണെന്നും പറഞ്ഞപ്പോൾ അമ്മയും വൈകാരികമായി പ്രതികരിച്ചു. അതിൽ ഖേദം അറിയിക്കുന്നു”. കത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *