അരിക്കൊമ്പനെ കയറ്റിയ ലോറി ചിന്നക്കനാലിൽനിന്ന് പുറപ്പെട്ടു. ശക്തമായ കാറ്റും മഴയും ദൗത്യത്തിന് വെല്ലുവിളിയായെങ്കിലും തീവ്രപരിശ്രമം വിജയം കാണുകയായിരുന്നു. അരിക്കൊമ്പനെ കുമളിയിൽ നിന്നും 22 കിലോമീറ്റർ ദൂരമുളള സീനിയറോഡ വനമേഖലയിലേക്കാണ് മാറ്റുക.

അരിക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിച്ചിട്ടുണ്ട്. അരിക്കൊമ്പനെ ഉൾവനത്തിലേക്ക് വിട്ടാലും ആനയുടെ സഞ്ചാരപഥം യഥാസമയം ഉദ്യോഗസ്ഥർക്ക് അറിയാനാകും. ആറു തവണ അരിക്കൊമ്പനെ മയക്കുവെടിവെച്ചു. തീവ്ര പരിശ്രമത്തിനൊടുവിലാണ് കുംകിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റിയത്. അതിനിടെ കുംകിയാനകളെ ആക്രമിക്കാനും അരിക്കൊമ്പൻ ശ്രമം നടത്തി. മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ നാലു കാലുകളിലും വടം കെട്ടിയിരുന്നു. ശേഷം ആനയുടെ കണ്ണുകളും തുണികൊണ്ട് മൂടി. നാല് കുംകിയാനകളും അരിക്കൊമ്പന് സമീപത്ത് തന്നെയുണ്ടായിരുന്നു. ജെസിബി എത്തിച്ച് സ്ഥലം നിരപ്പാക്കിയ ശേഷമാണ് അരിക്കൊമ്പന് സമീപത്തേക്ക് ലോറി എത്തിച്ചത്. വടംകെട്ടാൻ ശ്രമിക്കുന്നതിനിടെ അരിക്കൊമ്പൻ ഉദ്യോഗസ്ഥർക്കെതിരെ തിരിയുകയുണ്ടായി. അഞ്ചു തവണ വടം കെട്ടാൻ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ നിസ്സഹകരണം തുടർന്നതോടെ ഉദ്യോഗസ്ഥർ വലഞ്ഞു.
മയക്കുവെടിയേറ്റ അരിക്കൊമ്പൻ പൂർണമായും മയങ്ങിയിരുന്നില്ല. സിമന്റ് പാലത്തിന് സമീപമാണ് കാട്ടാനയെ ദൗത്യസംഘം മയക്കുവെടിവെച്ചത്. ഡോ: അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വെടിവെച്ചത്. ദൗത്യം വിജയകരമെന്ന് പ്രതികരിച്ച മന്ത്രി എ.കെ ശശീന്ദ്രൻ ദൗത്യസംഘത്തെ അഭിനന്ദിച്ചു.2005ന് ശേഷം ചിന്നക്കനാൽ-ശാന്തൻപാറ ഭാഗത്ത് 34 പേർ ആന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഏഴ് പേരെ കൊന്നത് അരിക്കൊമ്പനാണ്. മൂന്നുമാസത്തിനിടെ 31 കെട്ടിടങ്ങളാണ് അരിക്കൊമ്പൻ തകർത്തത്. 2017ൽ മാത്രം തകർത്തത് 52 വീടുകളും ഷോപ്പുകളുമാണ്. 2017 ൽ അരിക്കൊമ്പനെ മൂന്നുതവണയായി അഞ്ചു പ്രാവശ്യം മയക്കുവെടി വെച്ചിരുന്നെങ്കിലും പിടികൂടാനായിരുന്നില്ല.