അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്; കുട്ടിയെ അടക്കം അയല്‍വീട്ടിലുള്ള അഞ്ച് പേര്‍ മരിച്ചു

അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ടെക്സസിലെ ഒരു വീട്ടില്‍ കയറി അയല്‍വാസി നടത്തിയ വെടിവെയ്പ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി ടെക്സസ് പോലീസ് അറിയിച്ചു. മെക്‌സിക്കന്‍ സ്വദേശിയായ ഫ്രാന്‍സിസ്‌കോ ഒറോപെസ് ആണ് പ്രതി. വെടിവെയ്പ്പിന് ശേഷം സമീപത്തെ കാട്ടില്‍ ഒളിച്ച ഇയാള്‍ക്കായി ഡ്രോണുകളും പോലീസ് നായകളേയും ഉപയോഗിച്ച് പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

പ്രതിയും വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.മദ്യപിച്ചെത്തിയ ഫ്രാന്‍സിസ്‌കോ ഒറോപെസ് വെടിവെച്ച് പരിശീലനം നടത്തിയതിനെ തുടര്‍ന്ന് ഇവിടെ കുട്ടികള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥലത്ത് എന്തും ചെയ്യുമെന്ന് പ്രതി വെല്ലുവിളിച്ചു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വീട്ടിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹോണ്ടുറാസ് സ്വദേശികളാണ് കൊല്ലപ്പെട്ട വ്യക്തികള്‍.

എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റത്. രണ്ട് സ്ത്രീകളുടെ മൃതദേഹം രക്ഷപ്പെട്ട കുട്ടികളുടെ മുകളിലായാണ് കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റതെന്നാണ് പോലീസ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *